"ആയിരം രൂപയും ആളൂരും"; കുപ്രസിദ്ധി സ്വയം സ്വീകരിച്ച അഭിഭാഷകന്‍

സൗമ്യ വധക്കേസിൽ ​ഗോവിന്ദചാമിക്ക് വേണ്ടി ഹാജരായത് മുതലാണ് മലയാളിയുടെ ക്രൈം വിജ്ഞാനീയത്തിൽ ആളൂർ എന്ന പേര് രജിസ്റ്ററാകുന്നത്
"ആയിരം രൂപയും ആളൂരും"; കുപ്രസിദ്ധി സ്വയം സ്വീകരിച്ച അഭിഭാഷകന്‍
Published on
Updated on

"ആയിരം രൂപയും മള്ളൂരും ഉണ്ടെങ്കിൽ ആരെയും കൊല്ലാം രാമ നാരായണാ", എന്നൊരു ചൊല്ലുണ്ട്! തൊണ്ടിമുതലായി പ്രോസിക്യൂഷൻ ഹാജരാക്കിയ വെടിയുണ്ട, പരിശോധിക്കാനായി വാങ്ങിയിട്ട് വക്കീൽ വിഴുങ്ങി എന്നു തുടങ്ങിയ ഐതിഹ്യ കഥകൾക്ക് കാരണക്കാരനായ മള്ളൂർ ​ഗോവിന്ദപ്പിള്ള വക്കീലാണ് ഈ ചൊല്ലിലെ കഥാപുരുഷനെങ്കിൽ പുതിയ കാലത്ത് ഇതിന് പാഠഭേദങ്ങൾ ഏറെയാണ്. കേസുകളുടെ സ്വഭാവം അത് പൊതുജനങ്ങളിൽ ഉണ്ടാക്കുന്ന വൈകാരികമായ പ്രതികരണം എന്നിവ മള്ളൂരിന്റെ കാലത്തിൽ നിന്ന് ഒരുപാട് മാറി. ഈ മാറ്റങ്ങളുടെ ആകെ തുകയാണ് അഡ്വ. ബി.എ. ആളൂർ. തീരുമാനങ്ങൾ കൊണ്ട് കേരളക്കരയെ ഞെട്ടിച്ച, പലപ്പോഴും 'വെറുപ്പ്' സമ്പാദിച്ച ക്രിമിനൽ അഭിഭാഷകൻ. കുപ്രസിദ്ധമാകുന്ന ഏതൊരു കേസ് കോടതിയിലെത്തുമ്പോഴും മാധ്യമങ്ങളും പൊതുജനങ്ങളും ഒരുപോലെ ചോദിച്ചു, "പ്രതിക്കായി ഹാജരാകുന്നത് ആളൂരാണോ?"



സൗമ്യ വധക്കേസിൽ ​ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായത് മുതലാണ് മലയാളിയുടെ ക്രൈം വിജ്ഞാനീയത്തിൽ ആളൂർ എന്ന പേര് രജിസ്റ്ററാകുന്നത്. മലയാളി ആയിരിക്കില്ലെന്നും തമിഴ്നാട്ടിൽ നിന്നോ മറ്റോ ​ഗോവിന്ദച്ചാമിക്കായി എത്തിയതാകുമെന്നും ആളൂരിനെ പരിചയമില്ലാത്തവർ സംശയിച്ചു. എന്നാൽ, ആള് പച്ചമലയാളി തന്നെ. തൃശൂർ സ്വദേശി. പ്രീ ഡിഗ്രിവരെ തൃശൂർ സെന്റ് തോമസ് കോളേജിലായിരുന്നു പഠനം. പിന്നീട് ജീവിതം പൂനെയിലേക്ക് പറിച്ചുനട്ടു. നിയമബിരുദം നേടിയത് അവിടെ വെച്ചാണ്. പിന്നീട് സഹോദരനൊപ്പം ഏതാണ്ട് ഒരു ദശാബ്ദത്തോളും അവിടെയായിരുന്നു. ആളൂരിനെപ്പറ്റി ഇത്രയൊക്കെ മനസിലാക്കിയപ്പോഴും മലയാളിയുടെ മനസിൽ അപ്പോഴും ആ ചോദ്യം ബാക്കിയായി. സിറ്റിങ്ങിന് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന ആളൂർ വക്കീൽ എങ്ങനെ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായി? അതിന്നും ദുരൂഹമായി നിലനിൽക്കുന്നു.


1999ൽ ആണ് ആളൂർ അഭിഭാഷകനായി എൻറോൾ ചെയ്തത്. നാല് വർഷത്തോളം കേരളത്തിലെ വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്തു. ക്രിമിനൽ കേസുകളോടായിരുന്നു ആളൂരിന് താൽപ്പര്യം. 2013 ആഗസ്റ്റ് 20ന് നരേന്ദ്ര ധബോൽക്കറെ ബൈക്കിലെത്തിയ സംഘപരിവാർ അനുഭാവികൾ വെടിവെച്ച് കൊലപ്പെടുത്തിയപ്പോൾ ആ കേസിലും പ്രതികളെ രക്ഷിക്കാൻ രംഗത്തിറങ്ങിയത് ബി.എ. ആളൂർ ആയിരുന്നു. ആരോപണവിധേയനായ ആയുധ വ്യാപാരി മനീഷ് നാഗോരിക്കും സഹായി വികാസ് ഖണ്ഡേൽവാളിനുമായി ആളൂ‍ർ കോടതിയിൽ ഹാജരായി.


ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിന് വേണ്ടി കോടതിയിൽ ഹാജരാകും എന്ന് ബി.എ. ആളൂർ പ്രഖ്യാപിച്ച നിമിഷം ആളുകൾ അറിയാതെ ചോദിച്ചു പോയി. എന്തിന്? പ്രശസ്തിക്ക് വേണ്ടി എന്നായിരുന്ന ഭൂരിപക്ഷ ആരോപണം. എന്നാല്‍ ഇതിനൊന്നും മറുപടി നൽകാൻ നിൽക്കാതെ ആളൂർ തന്റെ 'കുപ്രസിദ്ധിയുടെ' അളവ് കൂട്ടിക്കൊണ്ടിരുന്നു. ആരാണ് ഈ വക്കാലത്തുകൾ ആളൂരിനെ ഏൽപ്പിക്കുന്നത് എന്ന് വ്യക്തമല്ല. വിശദീകരണം നൽകാൻ ആളൂർ മെനക്കെടാറുമില്ല. മലയാളക്കര ആകെ പ്രതിക്ക് എതിരെ നിൽക്കുമ്പോൾ 'അയാൾ കുറ്റാരോപിതൻ മാത്രമാണ്' എന്ന് പറഞ്ഞ് ആളൂർ രംഗത്തെത്തി. ഒരിക്കൽ മാത്രം ആളൂർ ഇത്രമാത്രം പറഞ്ഞു. ​ട്രെയിൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടിത മയക്കുമരുന്ന് മാഫിയയാണ് ഗോവിന്ദച്ചാമിയുടെ കേസ് തന്നെ എൽപ്പിച്ചത് എന്ന് ആളൂർ ന്യൂസ് മിനുട്ടിനോട് വെളിപ്പെടുത്തി. അപ്പോഴും സംശയങ്ങൾ ഏറിയതല്ലാതെ അതിന് കുറവൊന്നുമുണ്ടായില്ല.


ഇലന്തൂരിലെ നരബലി കേസ്, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് എന്നിവയിലെല്ലാം പ്രതിഭാ​ഗത്തിന് വേണ്ടി ഹാജരാകാൻ തയ്യാറാണെന്ന് പറയാൻ ആളൂർ മടിച്ചില്ല. അഞ്ഞൂറിലേറെ മോഷണങ്ങൾ നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന്റെ അഭിഭാഷകനും ആളൂർ തന്നെയാണെന്നാണ് പറയപ്പെടുന്നത്. 'നിങ്ങൾ ഇപ്പോൾ എന്തുതന്നെയായാലും, അതിൽ മികച്ച് നിൽക്കുക' എന്ന് പറയാറുണ്ട്. കിഡ്നി സംബന്ധമായ രോ​ഗം കാരണം മരിക്കുമ്പോഴും ആളൂർ ആ വാക്യത്തോട് നീതി പുലർത്തുന്നു. താൻ കൈകാര്യം ചെയ്ത കേസുകളേക്കാൾ കുപ്രസിദ്ധി നേടിയ ക്രിമിനൽ വക്കീലായാണ് ആളൂർ മടങ്ങുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com