അഭിഭാഷകയെ മർദ്ദിച്ചിട്ടില്ല; ആരോപണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ പുറത്തു കൊണ്ടുവരുമെന്ന് അഡ്വ. ബെയ്‌ലിൻ ദാസ്

രണ്ടുമാസത്തേക്ക് വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നാണ് കോടതി നിർദേശം. പ്രതിക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു.
അഭിഭാഷകയെ  മർദ്ദിച്ചിട്ടില്ല; ആരോപണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ പുറത്തു കൊണ്ടുവരുമെന്ന് അഡ്വ. ബെയ്‌ലിൻ ദാസ്
Published on

യുവ അഭിഭാഷകയെ മർദ്ദിച്ചെന്ന കേസിൽ ജാമ്യം ലഭിച്ചതിനു പിറകെ കുറ്റം നിഷേധിച്ച് അഡ്വ. ബെയ്‌ലിൻ ദാസ്. താൻ യുവതിയെ മർദ്ദിച്ചിട്ടില്ലെന്നും ആരോപണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ പുറത്തു കൊണ്ടുവരുമെന്നും ബെയ്‌ലിൻ പറഞ്ഞു. ചെയ്യാത്ത കുറ്റം താൻ എന്തിന് ഏൽക്കണമെന്നും പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ അടക്കം പുറത്തുകൊണ്ടുവരുമെന്നുമായിരുന്നു ബെയ്‌ലിൻ്റെ വാക്കുകൾ. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷമാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കർശന ഉപാധികളോടെ ബെയ്‌ലിന് ജാമ്യം അനുവദിച്ചത്. രണ്ടുമാസത്തേക്ക് വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നാണ് കോടതി നിർദേശം. പ്രതിക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. ജാമ്യം ലഭിച്ചാൽ പ്രതി സ്വന്തം ഓഫീസിലെ ജീവനക്കാരായ സാക്ഷികളെ സ്വാധീനിക്കുമെന്നും അന്വേഷണം അട്ടിമറിക്കുമെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. എന്നാൽ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പ് നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം.

മർദനത്തിൽ പ്രതിക്കും പരിക്കേറ്റതിൻ്റെ മെഡിക്കൽ രേഖകൾ കോടതിയിൽ ഹാജരാക്കി. ഇതോടെയാണ് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. ബെയ്‌ലിൻ ദാസിൻ്റെ  ജാമ്യത്തിൽ പ്രതികരിക്കാൻ പരാതിക്കാരിയായ ശ്യാമിലി തയ്യാറായില്ല.  കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓഫീസിൽ സഹപ്രവര്‍ത്തകര്‍ നോക്കി നിൽക്കെ പ്രതി ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ മർദ്ദിച്ചത്. മുഖത്ത് കൈ കൊണ്ട് ആഞ്ഞടിക്കുകയായിരുന്നു. ഗർഭിണിയായിരിക്കെയും പ്രതി മർദ്ദിച്ചിട്ടുണ്ടെന്ന് ശ്യാമിലി വെളിപ്പെടുത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com