
അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാജ്യത്തിന്‍റെ ആഭ്യന്തര പ്രശ്‌നങ്ങളാണെന്ന് താലിബാൻ സർക്കാർ. പ്രധാന മീറ്റിംഗുകളിൽ നിന്ന് അഫ്ഗാൻ വനിതകളെ ഒഴിവാക്കിയത് വ്യാപക വിമർശനത്തിന് ഇടയാക്കിയ സംഭവം ഖത്തറിൽ ചർച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭ തയ്യാറെടുക്കുന്നതിനിടെയാണ് പ്രസ്താവന. സർക്കാർ വക്താവ് സബിഹുള്ള മുജാഹിദിൻ്റെ നേതൃത്വത്തിലുള്ള താലിബാൻ പ്രതിനിധി സംഘം ഞായറാഴ്ച ആരംഭിക്കുന്ന മൂന്നാം ഘട്ട ചർച്ചയിൽ പങ്കെടുക്കും.
സ്ത്രീകളുടെ അവകാശത്തിനായുള്ള ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള പൗരസമൂഹ പ്രതിനിധികൾ ചൊവ്വാഴ്ച അന്താരാഷ്ട്ര പ്രതിനിധികളുമായും, യുഎൻ ഉദ്യോഗസ്ഥരുമായും പ്രത്യേക യോഗങ്ങളിൽ പങ്കെടുക്കും. 'താലിബാൻ ഗവൺമെൻ്റ് എല്ലാ അഫ്ഗാനികളെയും പ്രതിനിധീകരിക്കുന്നു, താലിബാൻ മാത്രമാണ് അഫ്ഗാനെ പ്രതിനിധീകരിക്കുന്നത്' എന്നും മുജാഹിദ് ഊന്നിപ്പറഞ്ഞു.
2023 മെയ് മാസത്തിൽ ആരംഭിച്ച യുഎൻ നേതൃത്വം താലിബാന്‍ വിഷയം ചർച്ച ചെയ്യുന്നുണ്ട്. താലിബാൻ അധികാരികളുമായി ഇടപഴകുന്നതിനായി അന്താരാഷ്ട്ര ഏകോപനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു ചര്‍ച്ചകള്‍. എന്നാൽ, താലിബാൻ സർക്കാരിനെ ഒരു പ്രവശ്യകളും ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാൻ്റെ പുതിയ ഭരണാധികാരികൾ അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്, സ്ത്രീകളുടെ അവകാശങ്ങൾ അതിൽ ഒരു പ്രധാന തർക്കവിഷയമാണ്.
ദോഹയിൽ വലിയ ചർച്ചകളൊന്നും നടക്കില്ലെന്നും, എന്നാൽ എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധമാണ് താലിബാൻ ആഗ്രഹിക്കുന്നതെന്നും മുജാഹിദ് സൂചിപ്പിച്ചു. പാശ്ചാത്യ രാജ്യങ്ങളുമായി സംവദിക്കുന്നതിനുള്ള അവസരമായി കൂടിക്കാഴ്ചയെ കാണുന്നു. മയക്കുമരുന്നിനെതിരെ പോരാടുന്നതിലും, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും അജണ്ട ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മുജാഹിദ് അറിയിച്ചു.