
മണിപ്പൂരിലെ 13 പൊലീസ് സ്റ്റേഷൻ പരിധികൾ ഒഴികെ സംസ്ഥാനത്തെ മുഴുവൻ പ്രദേശത്തേക്കും സായുധ സേനാ പ്രത്യേക അധികാര നിയമം (AFSPA) വ്യാപിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഈ കാര്യം വ്യക്തമാക്കിയത്. അരുണാചൽ പ്രദേശിലെ തിറാപ്പ്, ചാങ്‌ലാങ്, ലോങ്ഡിംഗ് ജില്ലകളിലേക്കും സംസ്ഥാനത്തെ മൂന്ന് പൊലീസ് സ്റ്റേഷൻ പ്രദേശങ്ങളിലേക്കും ആറ് മാസത്തേക്ക് അഫ്‌സ്പ വ്യാപിപ്പിച്ചതായി മന്ത്രാലയം കൂട്ടിച്ചേർത്തു.
1980 കളുടെ തുടക്കം മുതൽ മണിപ്പൂരിൽ AFSPA പ്രാബല്യത്തിൽ ഉണ്ട്. പൊതു ക്രമസമാധാനം നിലനിർത്തുന്നതിന് വേണ്ടിയാണ് സേനകൾ ഈ അധികാരം പ്രധാനമായും ഉപയോഗിക്കുന്നത്. ഈ അധികാരത്തിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ക്രൂരമായ നിയമമാണെന്ന് പ്രധാനമായും പറയപ്പെടുന്നത്. പ്രശ്നബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സായുധ സേനയ്ക്ക് ആവശ്യമെന്ന് തോന്നിയാൽ തിരച്ചിൽ നടത്താനും അറസ്റ്റ് ചെയ്യാനും വെടിവയ്ക്കാനുമുള്ള വിപുലമായ അധികാരങ്ങൾ ഈ നിയമപ്രകരം ലഭിക്കുന്നു.
മുഖ്യമന്ത്രി ബിരേൻ സിങ്ങിൻ്റെ രാജിയെ തുടർന്ന് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നു.സംസ്ഥനത്തുണ്ടായ ഭരണപ്രതിസന്ധി മറികടക്കാനാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതെന്ന് ഉത്തരവ് പുറത്തിറക്കി കൊണ്ട് രാഷ്ട്രപതി ദ്രൗപതി മുർമു അറിയിച്ചിരുന്നു.