
മൂന്നാംഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രശ്‌നങ്ങളെ തുടര്‍ന്ന് PSLV C 61 ദൗത്യം പരാജയപ്പെട്ടു. ദൗത്യത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ വിജയകരമായിരുന്നുവെന്നും മൂന്നാം ഘട്ടത്തിലുണ്ടായ ചില അസാധാരണത്വങ്ങളാണ് ദൗത്യം പരാജയപ്പെടാന്‍ കാരണമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍ അറിയിച്ചു.
ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 101-ാമത്തെ വിക്ഷേപണം ലക്ഷ്യമിട്ടാണ് PSLV C61 EOS-09 ദൗത്യം ആരംഭിച്ചത്. നാല് ഘട്ടങ്ങളുള്ള ദൗത്യത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ സാധാരണഗതിയിലായിരുന്നു. മൂന്നാം ഘട്ടത്തില്‍ മോട്ടര്‍ പ്രവര്‍ത്തിച്ചെങ്കിലും പിന്നീടുണ്ടായ അപ്രതീക്ഷിത പ്രശ്‌നങ്ങളെ തുടര്‍ന്ന് ദൗത്യം പൂര്‍ത്തിയാക്കാനായില്ല എന്നാണ് വിശദീകരണം.
പ്രശ്‌നങ്ങളെ കുറിച്ച് വിശദമായി പഠിച്ച് തിരിച്ചു വരുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 5.59 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് EOS-09 വുമായി PSLV ഇ 61 കുതിച്ചുയര്‍ന്നത്. വിക്ഷേപിച്ച് 18 മിനുട്ടിനുള്ളില്‍ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കേണ്ടതായിരുന്നു. പിഎസ്എല്‍വി ദൗത്യം പരാജയപ്പെടുന്നത് അത്യപൂര്‍വമായ കാര്യമാണ്.
ഏതു കാലാവസ്ഥയിലും ഭൗമോപരിതലത്തിന്റെ വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് EOS-09. ദൗത്യം വിജയകരമായിരുന്നെങ്കില്‍ ദേശസുരക്ഷ, ദുരന്തനിവാരണം, കൃഷി, വനം, നഗരാസൂത്രണം എന്നിവയുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് ഉപഗ്രഹത്തില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ സഹായകമാകുമായിരുന്നു.
പിഎസ്എല്‍വിയുടെ 63-ാമത്തെ വിക്ഷേപണദൗത്യം കൂടിയായിരുന്നു ഇത്.