ഗുജറാത്തിന് പിന്നാലെ ഡൽഹിയിലും മയക്കുമരുന്ന് വേട്ട; നാര്‍കോട്ടിക്സ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനവുമായി അമിത് ഷാ

ഗുജറാത്ത് തീരത്ത് നിന്നും ഏകദേശം 700 കിലോഗ്രാം മെത്താഫെറ്റാമിൻ പിടികൂടിയതിന് പിന്നാലെയാണ് ഡൽഹിയിലെ കൊക്കെയ്ൻ വേട്ട
ഗുജറാത്തിന് പിന്നാലെ ഡൽഹിയിലും മയക്കുമരുന്ന് വേട്ട; നാര്‍കോട്ടിക്സ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനവുമായി അമിത് ഷാ
Published on


ഗുജറാത്തിന് പിന്നാലെ ഡൽഹിയിലും വൻ മയക്കുമരുന്ന് വേട്ട. ഏകദേശം 900 കോടി രൂപ വിലമതിക്കുന്ന 80 കിലോയിലധികം ഹൈഗ്രേഡ് കൊക്കെയ്‌നാണ് നാര്‍കോട്ടിക്‌സ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. സംഭവത്തിൽ ഡൽഹി, സോനിപത്ത് സ്വദേശികളെ ഉദ്യോഗസ്ഥർ പിടികൂടി. ഗുജറാത്ത് തീരത്ത് നിന്നും ഏകദേശം 700 കിലോഗ്രാം മെത്താഫെറ്റാമിൻ പിടികൂടിയതിന് പിന്നാലെയാണ് ഡൽഹിയിലെ കൊക്കെയ്ൻ വേട്ട.

പടിഞ്ഞാറൻ ഡൽഹിയിലെ നംഗ്ലോയ്, ജനക്‌പുരി എന്നിവിടങ്ങളിൽ നടത്തിയ ഒപ്പറേഷനിലാണ് 82 കിലോ കൊക്കെയ്ൻ കണ്ടെടുത്തത്. ഓസ്‌ട്രേലിയയിലേക്ക് കയറ്റിയക്കാനിരുന്ന ചരക്കാണ് കൊറിയർ ഓഫീസിൽ നിന്നും നാർകോടിക് സംഘം പിടിച്ചെടുത്തത്.

നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി), നാവികസേന, ഗുജറാത്ത് പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഗുജറാത്ത് തീരത്ത് നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തത്. മാർച്ച്, ഓഗസ്‌റ്റ് മാസങ്ങളിലെ മയക്കുമരുന്ന് വേട്ടയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, മാസങ്ങൾ നീണ്ട പരിശ്രമത്തിൻ്റെ ഫലമാണ് ഇപ്പോൾ നടത്തിയ റെയ്ഡെന്ന് എൻസിബി വെളിപ്പെടുത്തി.

നാവികസേനയും നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും ഗുജറാത്ത് പൊലീസും ചേര്‍ന്ന് സംയുക്തമായി സാഗർ മന്തൻ 4 എന്ന രഹസ്യ ഓപ്പറേഷനിലുടെയാണ് ഗുജറാത്തിലെ മയക്കുമരുന്നു ശേഖരം പിടികൂടിയത്. പ്രദേശത്ത് സംശയാസ്പദ സാഹചര്യത്തില്‍ക്കണ്ട ബോട്ട് അന്വേഷണസംഘം പരിശോധിക്കുകയായിരുന്നു. ഈ വര്‍ഷം കടലില്‍ നടത്തിയ രണ്ടാമത്തെ വലിയ വിജയകരമായ മയക്കുമരുന്ന് വിരുദ്ധ ഓപ്പറേഷനാണിതെന്ന് നാവികസേന പറയുന്നു.

മയക്കുമരുന്ന് വേട്ടയ്ക്ക് പിന്നാലെ നാർകോടിക് ഉദ്യോഗസ്ഥർക്ക് അഭിനന്ദനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. മയക്കുമരുന്ന് രഹിത ഭാരതം കെട്ടിപ്പടുക്കാനുള്ള സർക്കാരിൻ്റെ ദൃഢനിശ്ചയത്തെയാണ് ഈ മുന്നേറ്റങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.

ALSO READ: ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി എന്ന കാഴ്ചപ്പാടിൽ മാറ്റമില്ല, അത് മരണം വരെ തുടരും; വിവാദ പരാമര്‍ശം ആവര്‍ത്തിച്ച് നാരായണ മൂര്‍ത്തി

"ന്യൂഡൽഹിയിൽ 82.53 കിലോഗ്രാം ഹൈഗ്രേഡ് കൊക്കെയ്ൻ എൻസിബി ഇന്ന് കണ്ടുകെട്ടി. ഡൽഹിയിലെ ഒരു കൊറിയർ സെൻ്ററിൽ നിന്നാണ് ഏകദേശം 900 കോടി വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് റാക്കറ്റുകൾക്കെതിരായ ഞങ്ങളുടെ വേട്ട നിർദയം തുടരും. ഈ വലിയ വിജയത്തിന് എൻസിബിക്ക് അഭിനന്ദനങ്ങൾ," അമിത് ഷാ എക്സിൽ കുറിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com