ക്രമക്കേടുകളുടെ മത്സരപ്പരീക്ഷ; നീറ്റിനു പിന്നാലെ ജൂണ്‍ 18ന് നടന്ന നെറ്റ് പരീക്ഷയും റദ്ദാക്കി

പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയെ ഏൽപ്പിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
ക്രമക്കേടുകളുടെ മത്സരപ്പരീക്ഷ;  നീറ്റിനു പിന്നാലെ ജൂണ്‍ 18ന് നടന്ന നെറ്റ് പരീക്ഷയും റദ്ദാക്കി
Published on

രാജ്യത്ത് നീറ്റ് പരീക്ഷ വിവാദം തുടരുന്നതിനിടെ യുജിസി നെറ്റ് പരീക്ഷയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കി. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ജൂൺ 18ന് നടന്ന പരീക്ഷയാണ് കേന്ദ്രം റദ്ദാക്കിയത്. പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയെ ഏൽപ്പിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എൻടിഎ നടത്തുന്ന പരീക്ഷകളിൽ തുടരെ ക്രമക്കേടുകൾ കണ്ടെത്തിയതോടെ വിദ്യാഭ്യാസ മന്ത്രി രാജിവെയ്ക്കണമെന്നും എൻടിഎ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.

പരീക്ഷയുടെ സുതാര്യതയും സാങ്കേതികത്വവും ആശങ്കിയെലെന്ന ദേശീയ സൈബർ ക്രൈം അനലിറ്റിക്സ് വിഭാഗത്തിന്റെ റിപ്പോർട്ടിന് പിന്നാലെയാണ് കേന്ദ്രത്തിൻ്റെ നടപടി.പുനഃ പരീക്ഷ സംബന്ധിച്ച വിവരങ്ങൾ എൻടിഎ പിന്നീട് അറിയിക്കും.ഏത് കേന്ദ്രത്തിലാണ് ക്രമക്കേട് നടന്നതെന്നോ എന്താണ് സംഭവിച്ചതെന്നോ എൻടിഎ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പരീക്ഷയുടെ സമഗ്രതയും പവിത്രതയും ഉറപ്പാക്കാനാണ് നടപടി എന്നായിരുന്നു കേന്ദ്ര സർക്കാരിൻ്റെ പക്ഷം. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയുൾപ്പെടെ കാര്യങ്ങൾ വലിയ ചർച്ചയാവുന്ന സാഹചര്യത്തിൽ എൻടിഎയുടെ പരീക്ഷ നടത്തിപ്പിലെ വിശ്വാസ്യത ചോദ്യചിഹ്നമാവുകയാണ്.

രാജ്യത്തെ 1205 കേന്ദ്രങ്ങളിലായി ഏകദേശം 11.21 ലക്ഷം പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. അതില്‍ ഒന്‍പത് ലക്ഷത്തോളം പേരാണ് കഴിഞ്ഞ ദിവസം പരീക്ഷ എഴുതാനെത്തിയത്. സർവകലാശാലകളിലേക്കും കോളേജുകളിലേക്കും അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിലേക്കായി നടത്തിവന്നിരുന്ന പരീക്ഷ ഇത്തവണ മുതൽ പിഎച്ച്ഡി പ്രവേശനത്തിനും പരിഗണിക്കുമെന്നതിനാൽ പരീക്ഷയുടെ പ്രാധാന്യം കൂടി. 2018 മുതൽ ഓൺലൈനായായിരുന്ന പരീക്ഷ ഇക്കുറി വീണ്ടും ഓഫ്‌ലൈനാക്കി മാറ്റിയിരുന്നു. 

പരീക്ഷയിൽ തുടരുന്ന ക്രമക്കേടുകൾ യുവാക്കളുടെ ഭാവി തകർക്കുകയാണെന്നും വീഴ്ചകൾക്ക് സർക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. പ്രതിഷേധ സൂചകമായി നാളെ പ്രതിപക്ഷ വിദ്യാർഥിസംഘടനകൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വളയും.

അതേസമയം, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ക്രമക്കേടുകളെക്കുറിച്ച് ബിഹാർ പോലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിൽനിന്ന് വിശദമായ റിപ്പോർട്ട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടി സ്വീകരിക്കുമെന്നും വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com