സഞ്ജു ഇല്ലേലെന്താ, കേരളം പൊളിയല്ലേ; ആറ് വർഷത്തിന് ശേഷം രഞ്ജി ട്രോഫിയിൽ ക്വാർട്ടറിൽ

രണ്ട് ഇന്നിങ്സിലുമായി 10 വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയാണ് കേരളത്തിൻ്റെ വിജയശിൽപ്പി
സഞ്ജു ഇല്ലേലെന്താ, കേരളം പൊളിയല്ലേ; ആറ് വർഷത്തിന് ശേഷം രഞ്ജി ട്രോഫിയിൽ ക്വാർട്ടറിൽ
Published on


ബിഹാറിനെ പഞ്ഞിക്കിട്ട് രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം ക്വാർട്ടറിൽ. ബിഹാറിനെ ഒരു ഇന്നിങ്സിനും 169 റൺസിനും തോൽപ്പിക്കാൻ സച്ചിൻ ബേബിയുടെ സംഘം വെറും രണ്ട് ദിവസം മാത്രമാണെടുത്തത്. ആറ് വർഷത്തിന് ശേഷമാണ് കേരളം രഞ്‍ജി ട്രോഫി ക്വാർട്ടറിൽ പ്രവേശിക്കുന്നത്. രണ്ട് ഇന്നിങ്സിലുമായി 10 വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയാണ് കേരളത്തിൻ്റെ വിജയശിൽപ്പി.



നേരത്തെ രണ്ടാം ദിവസം രാവിലെ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 302 റൺസെന്ന നിലയിലാണ് കേരളം ഒന്നാമിന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ചത്. സൽമാൻ നിസാറിന്റെ ചെറുത്തുനിൽപ്പ് നീണ്ടപ്പോൾ ആദ്യ ഇന്നിങ്സിൽ 351 എന്ന ഭേദപ്പെട്ട സ്കോർ നേടാൻ കേരളത്തിന് കഴിഞ്ഞു. 150 റൺസ് നേടിയാണ് നിസാർ പുറത്തായത്. അവസാന വിക്കറ്റിൽ വൈശാഖ് ചന്ദ്രനൊപ്പം 70 റൺസ് കൂട്ടുകെട്ട് ഉയർത്താനും സൽമാന് കഴിഞ്ഞു. സൽമാൻ നിസാറാണ് കളിയിലെ കേമൻ.



ഷോൺ റോജർ (59), അക്ഷയ് ചന്ദ്രൻ (38), എം.ഡി. നിധീഷ് (30) എന്നിവരും കേരളത്തിനായി നിർണായക സംഭാവന നൽകിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബിഹാറിന് ആദ്യ ഇന്നിങ്സിൽ 64 റൺസ് മാത്രമാണ് നേടാനായത്. കേരളത്തിനായി ജലജ് സക്സേന അഞ്ച് വിക്കറ്റെടുത്തു.

ഒന്നാം ഇന്നിങ്സിൽ 287 റൺസിന്റെ കൂറ്റൻ ലീഡ് വഴങ്ങിയതോടെ കേരളം ബിഹാറിനെ ഫോളോ ഓണിന് അയക്കുകയായിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിലും ബിഹാർ കനത്ത ബാറ്റിങ് തകർച്ച നേരിട്ടു. രണ്ടാം ഇന്നിങ്സിൽ 118 റൺസിൽ ബിഹാറിൻ്റെ ബാറ്റിങ് അവസാനിച്ചു. കേരളത്തിനായി ജലജ് സക്സേന അഞ്ചും, ആദിത്യ സർവതെ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. സ്കോർ, കേരളം ഒന്നാം ഇന്നിങ്സിൽ 351. ബിഹാർ ആദ്യ ഇന്നിം​ഗ്സിൽ 64, രണ്ടാം ഇന്നിങ്സിൽ 118 (ഫോളോ ഓൺ).

Related Stories

No stories found.
News Malayalam 24x7
newsmalayalam.com