ലോക്സഭാ മണ്ഡലം പുനർനിർണയം: തമിഴ്നാടിന് പിന്നാലെ എതിർപ്പുമായി കേരളവും; വിഷയത്തിൽ അഭിപ്രായ സമന്വയം വേണമെന്ന് പിണറായി വിജയൻ

ഒരു സംസ്ഥാനത്തിന്റെയും സീറ്റുകളുടെ നിലവിലുള്ള ആനുപാതിക വിഹിതത്തിൽ കുറവ് വരാതെ വേണം പുനർ നിർണയം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു
ലോക്സഭാ മണ്ഡലം പുനർനിർണയം: തമിഴ്നാടിന് പിന്നാലെ എതിർപ്പുമായി കേരളവും; വിഷയത്തിൽ അഭിപ്രായ സമന്വയം വേണമെന്ന് പിണറായി വിജയൻ
Published on

ലോക്സഭാ മണ്ഡലം പുനർനിർണയത്തിൽ തമിഴ്നാടിന് പിന്നാലെ എതിർപ്പുമായി കേരളവും. മണ്ഡലം പുനർനിർണയത്തിൽ അഭിപ്രായ സമന്വയം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. നിലവിലെ ആനുപാതിക വിഹിതത്തിൽ കുറവ് വരുത്താതെ പുനർനിർണയം നടത്തണം.  ജനസംഖ്യ നിയന്ത്രണ നടപടികൾ നടപ്പിലാക്കിയ സംസ്ഥാനങ്ങൾ ശിക്ഷിക്കപ്പെടരുത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


ഒരു സംസ്ഥാനത്തിന്റെയും സീറ്റുകളുടെ നിലവിലുള്ള ആനുപാതിക വിഹിതത്തിൽ കുറവ് വരാതെ വേണം പുനർ നിർണയം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ജനസംഖ്യാ നിയന്ത്രണ നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കിയ സംസ്ഥാനങ്ങൾ ശിക്ഷിക്കപ്പെടുന്ന നിലയുണ്ടാവരുത്. സ്വാതന്ത്ര്യത്തിനു ശേഷം കേന്ദ്ര സർക്കാരുകൾ കൊണ്ടുവന്ന ജനസംഖ്യാ നിയന്ത്രണ പരിപാടികൾക്കും കുടുംബാസൂത്രണ നയങ്ങൾക്കുമനുസൃതമായി ജനസംഖ്യ കുറച്ചുകൊണ്ടുവന്ന സംസ്‌ഥാനങ്ങൾക്ക് പാർലമെന്റിൽ ആനുപാതിക പ്രാതിനിധ്യത്തിൽ കുറവു വരുത്തുന്നത് അനീതിയാണ്. ഇതിലെല്ലാം വീഴ്ച വരുത്തിയ സംസ്ഥാനങ്ങൾക്ക് പാരിതോഷികം നൽകുന്നതിന് തുല്യമാകും അതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

1952, 1963, 1973 വർഷങ്ങളിലാണ് രാജ്യത്ത് നേരത്തെ മണ്ഡല പുനർനിർണയ പ്രക്രിയ നടത്തിയത്. എന്നാൽ, 1976 ൽ 42-ാമത് ഭരണഘടനാ ഭേദഗതിയിലൂടെ ഈ പ്രക്രിയ 2000 നു ശേഷമുള്ള ആദ്യ സെൻസസ് (2001) വരെ താത്കാലികമായി മരവിപ്പിച്ചു. ജനസംഖ്യാ നിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായായിരുന്നു ഇത്‌. സംസ്ഥാനങ്ങൾക്കിടയിൽ ജനസംഖ്യയുടെ കാര്യത്തിലുള്ള അസമത്വം തുടർന്നതിനാൽ 84-ാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഈ മരവിപ്പിക്കൽ 2026-നു ശേഷമുള്ള ആദ്യ സെൻസസ് ( 2031 ) വരെ ദീർഘിപ്പിച്ചത്. ആ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുകയാണെന്നും അത് കണക്കിലെടുക്കാതെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ധൃതിപിടിച്ച പുതിയ നീക്കമെന്നും പിണറായി വിജയൻ പറയുന്നു.



ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. ഏകപക്ഷീയമായ നടപടികൾ ഒഴിവാക്കി ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും അന്തസത്ത കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രസർക്കാരിൻ്റെതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 



അതേസമയം മണ്ഡല പുനർനിർണയ നീക്കത്തിനെതിരായ ചെന്നൈ സമ്മേളനത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ക്ഷണിച്ചിരുന്നു. തമിഴ്നാട് ഐടി മന്ത്രി പളനിവേൽ ത്യാഗരാജനാണ് സ്റ്റാലിൻ്റെ കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. സമ്മേളനത്തിന് പൂർണ പിന്തുണയുണ്ടാകുമെന്ന് പിണറായി വിജയൻ അറിയിച്ചു. മാർച്ച് 22-ന് ചെന്നൈയിലാണ് സമ്മേളനം നടക്കുക.

മന്ത്രി പി. ത്യാഗരാജനും സൗത്ത് ചെന്നൈ എംപി ഡോ. തമിഴാച്ചി തങ്കപാണ്ഡ്യനും നേരിട്ടെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത്. പി. ത്യാഗരാജൻ എക്സ് പോസ്റ്റ് വഴി കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പങ്കുവെച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറിൽ എത്തിയ അവർ എം.കെ. സ്റ്റാലിന്റെ ആത്മകഥയും മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. "വിഷയത്തിൽ കേരള മുഖ്യമന്ത്രി തമിഴ്‌നാടിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും, നമ്മുടെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള നമ്മുടെ കൂട്ടായ പോരാട്ടത്തിന് പൂർണ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു," ത്യാഗരാജൻ എക്സ് പോസ്റ്റിൽ കുറിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com