ബംഗ്ലാദേശിൽ ആളിക്കത്തി പ്രക്ഷോഭം; 32 മരണമെന്ന് റിപ്പോർട്ട്; ബ്രോഡ്‌കാസ്റ്റിങ്ങ് സെൻ്ററിന് തീയിട്ട് വിദ്യാർഥികൾ

പ്രക്ഷോഭകരോട് ശാന്തരാകണമെന്ന് അഭ്യർഥിച്ച് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ബ്രോഡ്‌കാസ്റ്റിങ്ങ് സെൻ്ററിന് തീയിട്ടത്
ബംഗ്ലാദേശിൽ ആളിക്കത്തി പ്രക്ഷോഭം; 32 മരണമെന്ന് റിപ്പോർട്ട്; ബ്രോഡ്‌കാസ്റ്റിങ്ങ് സെൻ്ററിന് തീയിട്ട് വിദ്യാർഥികൾ
Published on

ബംഗ്ലാദേശിൽ സംവരണവുമായി ബന്ധപ്പെട്ട സംഘർഷം രൂക്ഷമാവുന്നു. പ്രക്ഷോഭകരോട് ശാന്തരാകണമെന്ന് അഭ്യർഥിച്ച് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ രാജ്യത്തെ ബ്രോഡ്‌കാസ്റ്റിങ്ങ് സെൻ്ററിന് വിദ്യാർഥികൾ തീയിട്ടു. സംഘർഷത്തിൽ ഇതുവരെ 32 പേർ മരിച്ചതായാണ് നിഗമനം.

സംഘർഷത്തിൽ മരണപ്പെട്ട പ്രക്ഷോഭകർക്ക് അനുശോചനം രേഖപ്പെടുത്താനും, പ്രക്ഷോഭത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്ന് വ്യക്തമാക്കാനുമാണ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെ പ്രകോപിതരായ ജനക്കൂട്ടം ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ ബിടിവിയുടെ ആസ്ഥാനത്തെത്തി കെട്ടിടത്തിനും അതിന് പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും തീയിടുകയായിരുന്നു.

അതേസമയം രാജ്യത്തെ അരക്ഷിതാവസ്ഥ കണക്കിലെടുത്ത് സ്‌കൂളുകളും സർവകലാശാലകളും അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു. പ്രതിഷേധ കാമ്പയിനുകൾക്ക് വിലക്കിടാൻ രാജ്യത്തുടനീളം ഇൻ്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചിട്ടുണ്ട്.

രാജ്യത്തെ സിവിൽ സർവീസ് ജോലികൾക്കായുള്ള ക്വാട്ട സമ്പ്രദായത്തിൽ 1971-ലെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരുൾപ്പടെയുള്ള പ്രത്യേക വിഭാഗങ്ങൾക്ക് സംവരണം നൽകുന്നത് പരിഷ്കരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ബംഗ്ലാദേശിൽ പ്രതിഷേധം നടക്കുന്നത്. ആയിരക്കണക്കിന് വിദ്യാർഥികളാണ് പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത്. സംഘർഷങ്ങൾ അടിച്ചമർത്താനായി വെടിവെപ്പടക്കമുള്ള മാർഗങ്ങൾ പൊലീസ് സ്വീകരിച്ചു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com