
എലപ്പുള്ളിയിലെ വിവാദ മദ്യ നിര്‍മാണ കമ്പനി, ഉല്പാദനത്തിനായി മഴവെള്ള സംഭരണി നിര്‍മിക്കുമെന്ന് വ്യക്തമാക്കിയതോടെ ചര്‍ച്ചയിലേക്ക് വന്ന സ്ഥാപനമാണ് പാലക്കാട്ടെ അഹല്യ ക്യാംപസ്. 500 ഏക്കര്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ക്യാംപസില്‍ ജലത്തിനായി പൂര്‍ണമായും ആശ്രയിക്കുന്നത് മഴവെള്ള സംഭരണിയെയാണ്. ക്യാപസില്‍ വാട്ടര്‍ അതോറിറ്റിയുടെ കണക്ഷന്‍ എടുത്തിട്ടില്ലെന്നും അഹല്യ അധികൃതര്‍ വ്യക്തമാക്കി.
500 ഏക്കര്‍ വിസ്തൃതിയുണ്ട് അഹല്യ ഹെല്‍ത്ത് ഹെറിറ്റേജ് ആന്റ് നോളജ് വില്ലേജ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന അഹല്യ ക്യാംപസിന്. അഞ്ച് ആശുപത്രികള്‍, 14 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, 7 ഹോസ്റ്റലുകള്‍, നൂറിലേറെ ക്വാര്‍ട്ടേഴ്‌സുകള്‍, പിന്നെയുമുണ്ട് കെട്ടിടങ്ങള്‍. രണ്ടായിരത്തിലേറെ ആളുകള്‍ ക്യാമ്പസിലുണ്ട്. പ്രതിദിനം 13 ലക്ഷം ലിറ്റര്‍ വെളളം വേണം.
14 മഴവെള്ള സംഭരണികളാണ് പ്രധാന ജലസ്രോതസ്സ്. ഒന്നര ഏക്കര്‍ മുതല്‍ ഏഴ് ഏക്കര്‍ വരെ വിസ്തൃതിയുള്ള മഴ വെളള സംഭരണികളാണുള്ളത്. എല്ലാ സംഭരണികളില്‍ നിന്നുമായി 32 കോടി ലിറ്റര്‍ ജലം സംഭരിക്കുന്നു. മഴവെള്ള സംഭരണികള്‍ക്ക് സമീപം ചെറിയ കുളങ്ങള്‍ നിര്‍മ്മിച്ച് അതില്‍ നിന്നാണ് വെള്ളം എടുക്കുന്നത്.
വാട്ടര്‍ അതോറിറ്റിയുടെ ഒരു കണക്ഷന്‍ പോലുമില്ലെന്ന് അഹല്യ അധികൃതര്‍ പറയുന്നു. കുഴല്‍ കിണറുണ്ടെങ്കിലും അവയില്‍ പലതും ഉപയോഗശൂന്യമാണെന്നും അധികൃതര്‍. ശാസ്ത്രീയമായ രീതിയില്‍ വേണം മഴ വെള്ളസംഭരണി നിര്‍മിക്കാന്‍. അഹല്യയില്‍ 14 മഴവെള്ള സംഭരണികള്‍ നിര്‍മിച്ചാണ് പ്രതിദിനം 13 ലക്ഷം ലിറ്റര്‍ വെള്ളം ഉറപ്പു വരുത്തുന്നത്. എന്നാല്‍ പ്രതിദിനം അഞ്ച് ലക്ഷം ലിറ്റര്‍ വെളളം ആവശ്യമുള്ള എലപ്പുള്ളിയിലെ നിര്‍ദ്ദിഷ്ട മദ്യനിര്‍മാണ കമ്പനി, അഞ്ചേക്കര്‍ സ്ഥലത്താണ് മഴവെളള സംഭരണി നിര്‍മിക്കാന്‍ പദ്ധതിയിടുന്നത്.