
റെയിൽവേ പാതകൾ മുറിച്ചുകടക്കുന്നതിനിടെ വന്യമൃഗങ്ങൾക്ക് അപകടം പറ്റുന്ന വാർത്തകൾ ഈയിടെയായി സ്ഥിരം കേൾക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പാലക്കാട് കൊട്ടേക്കാട് രണ്ട് ആനകൾ ട്രെയിനിടിച്ച് കൊല്ലപ്പെട്ട ദാരുണസംഭവമുണ്ടായത്. പിന്നീട് അവിടെ എഐ ക്യാമറകൾ സ്ഥാപിക്കാൻ റെയിൽവേ തീരുമാനമെടുത്തിരുന്നു. എഐയുടെ പക്കൽ വന്യമൃഗസംരക്ഷണത്തിനും പ്രതിവിധിയുണ്ട്!! അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ റെയിൽവേ പാതയിലുള്ള ആനകളുടെ സുരക്ഷയെ മുൻനിർത്തി എഐ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനം നേരത്തെ നടപ്പിലാക്കിയിരുന്നു. ഡിസംബറിലാണ് ഇന്ത്യൻ റെയിൽവേ പല സംസ്ഥാനങ്ങളിലും വന്യമൃഗ സംരക്ഷണം മുൻനിർത്തി എഐ ഉപയോഗിച്ചുള്ള നീരീക്ഷണ സംവിധാനം നടപ്പിലാക്കുന്നതിനായി ഗജരാജ് എഐ സോഫ്റ്റ് വെയർ അവതരിപ്പിച്ചത്.
തമിഴ്‌നാട്ടിൽ നടപ്പിലാക്കിയ പദ്ധതി
കാടുകൾക്കിടയിലൂടെ പോകുന്ന റെയിൽവേ പാതയിലൂടെ വെള്ളവും ഭക്ഷണവും തേടി അലയുന്ന ആനകളും, മറ്റ് മൃഗങ്ങളും മുൻകരുതലുകളില്ലാത്തതിനാൽ അപകടങ്ങളിൽ പെട്ടു പോകാറാണ് പതിവ്. തമിഴ്നാട്ടിൽ റെക്കോർഡുകൾ പ്രകാരം ആനകൾ റെയിൽപാതകളിൽ ട്രെയിൻ തട്ടി കൊലപ്പെടുന്നത് കഴിഞ്ഞ പത്ത് വർഷത്തിൽ വളരെയേറെ വർധിച്ചിട്ടുണ്ടായിരുന്നു. ഔദ്യോഗിക റിപ്പോർട്ട് പ്രകാരം കഴിഞ്ഞ പത്ത് വർഷത്തിൽ 36 ആനകളാണ് ഇത്തരത്തിൽ കൊലപ്പെട്ടത്. ഇതിൽ പതിനൊന്ന് അപകടങ്ങളും സംഭവിച്ചിരിക്കുന്നത് മദുക്കരൈയ്ക്ക് അടുത്ത് കേരള അതിർത്തിയിലുള്ള രണ്ട് റെയിൽവേ പാതകളിലാണ്. ഈ പാത ആനകൾക്ക് അടുത്തുള്ള കാട്ടിലേക്ക് എത്താനുള്ള മാർഗം കൂടിയാണ്.
2021ൽ തമിഴ്നാട് ഹൈക്കോടതി ഈ പാതകളിലെ അപകടങ്ങൾ തടയണമെന്ന് വനം വകുപ്പിനോടും, റെയിൽവേയോടും ഉത്തരവിട്ടിരുന്നു. തുടർന്ന്, വനംവകുപ്പ് പന്ത്രണ്ട് ടവറുകളാണ് മദുക്കരൈ സെക്ഷന് സമീപത്തായി പലയിടത്തായി സ്ഥാപിച്ചത്. ഓരോ ടവറിലും തെർമൽ- വിസിബിൾ ലൈറ്റ് ഇമേജിങുള്ള ക്യാമറയും, തൽസമയം അത് കാണാനും നീരീക്ഷിക്കാനുമുള്ള സംവിധാനങ്ങളും സജ്ജീകരിച്ചു.
രാജ്യാതിർത്തികളിൽ ഇന്ത്യൻ ആർമി സ്ഥാപിക്കാറുള്ള എഐ ക്യാമറകൾക്ക് സമാനമാണ് ടവറുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളെന്ന് പ്രൊജക്ട് മാനേജർ ആശിഷ് രജപുതിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. പാതകൾക്ക് സമീപത്തുകൂടെ കടന്നുപോകുന്ന മനുഷ്യരെയും ക്യാമറ ഡീറ്റക്ട് ചെയ്യും. റെയിൽവേ പാതയ്ക്ക് 100 അടി അപ്പുറത്ത് ക്യാമറയിൽ ആന പതിഞ്ഞാൽ വനം, റെയിൽവേ ഉദ്യോഗസ്ഥർക്ക് ട്രെയിൻ പതുക്കെയാക്കുന്നതിനും, അപകടം ഒഴിവാക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ നൽകും. കൺട്രോൾ റൂം മോനിറ്റർ ചെയ്യുന്നതിനായി നാല് ഉദ്യോഗസ്ഥരെ സ്ഥിരമായി നിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വന്ന പദ്ധതിക്കായി 72.4 മില്യൺ രൂപയാണ് ചിലവായതെന്ന് തമിഴ്നാട് വനംവകുപ്പ് സെക്രട്ടറി സുപ്രിയ സാഹു പറയുന്നു. അപകടങ്ങൾ തടയുന്നതിനായി സ്ഥിരമായി പോലീസ് പട്രോളിങ് നടത്തുകയെന്നത് ഒരു ശാശ്വതമായ പരിഹാരമായിരുന്നില്ല, എന്നാൽ ക്യാമറ സ്ഥാപിച്ച് മാസങ്ങൾക്കകം 400ഓളം അപകടങ്ങളാണ് ഈ സാങ്കേതികവിദ്യ തടഞ്ഞതെന്നും അവർ പറഞ്ഞു. ആന മാത്രമല്ല, ഏത് മൃഗവും പാളത്തിനടുത്ത് കൂടെ പോകുമ്പോൾ നിർദ്ദേശങ്ങൾ നൽകാറുണ്ടെന്നാണ് കണ്ട്രോൾ റൂം ഉദ്യോഗസ്ഥർ പറയുന്നത്. കോയമ്പത്തൂർ, ധർമപുരി, ഹൊസൂർ, ഗൂഢല്ലൂർ ഭാഗങ്ങളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കാൻ പദ്ധതികളുണ്ട്.
നേരത്തെ ആഫ്രിക്കൻ രാജ്യങ്ങളായ ഗാബൺ, കെനിയ, ബോട്സ്വാന എന്നിവിടങ്ങളിൽ ആനകളുടെ സംരക്ഷണത്തിനായി ഉപയോഗിച്ചുകൊണ്ടിരുന്ന എഐ നിരീക്ഷണരീതിയാണ് നമ്മുടെ നാട്ടിലും പ്രാബല്യത്തിൽ വന്നിരിക്കുന്നത്. വന്യമൃഗസംരക്ഷണ മേഖലയിൽ വലിയ മാറ്റത്തിന് ഈ നൂതന സാങ്കേതികവിദ്യ കാരണമായേക്കുമെന്നാണ് വിലയിരുത്തൽ
Cloudnary link