
കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പി.വി. മോഹനന് വാഹനാപകടത്തിൽ പരിക്ക്. ഇതിനെ തുടർന്ന് കെപിസിസി സംയുക്ത വാർത്താസമ്മേളനം മാറ്റിവച്ചു. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുന്‍ഷി എന്നിവർ പങ്കെടുക്കുന്ന വാർത്ത സമ്മേളനം ഇന്ന് നടത്താനായിരുന്നു തീരുമാനം.
പാലാ ചക്കമ്പുഴയില്‍ വച്ച് മോഹനൻ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. നേതാക്കൾ പാലായിലെത്തി മോഹനനെ സന്ദർശിക്കും.
ഇന്നലെ ആറുമണിക്കൂറോളം നീണ്ട കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നേതാക്കൾ തമ്മിലുള്ള ഐക്യമില്ലായ്മയാണ് പ്രധാനമായും ചർച്ചയായത്. യോജിച്ച പ്രവർത്തനം ഇല്ലെങ്കിൽ മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. തദ്ദേശ തെരഞ്ഞെടുപ്പിൽ ഐക്യത്തോടെ നീങ്ങണമെന്ന് ഓൺലൈനായി യോഗത്തിൽ പങ്കെടുത്ത രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചർച്ച ഇപ്പോൾ വേണ്ടെന്നും തർക്കം തെറ്റായ സന്ദേശം നൽകുമെന്നുമായിരുന്നു പി.ജെ. കുര്യൻ്റെ നിലപാട്.ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ വി.ഡി. സതീശൻ ആരാണെന്നായിരുന്നു എ.പി. അനിൽകുമാറിന്‍റെ വിമർശനം. ഐക്യമുണ്ടെന്ന് അണികളെ ബോധ്യപ്പെടുത്താൻ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ചേർന്ന് വാർത്താസമ്മേളനം നടത്താനായിരുന്നു രാഷ്ട്രീയ കാര്യ സമിതിയിൽ തീരുമാനമായത്.