
ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള വിമാന യാത്രാ മധ്യേ യാത്രക്കാരിക്ക് നൽകിയ ഓംലെറ്റിൽ പാറ്റയെ കിട്ടിയതായി പരാതി. യാത്രക്കാരിയുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി എയർലൈൻ അറിയിച്ചു. വിഷയം കാറ്ററിംഗ് കമ്പനിയെ അറിയിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. തൻ്റെ കൂടെ മകനും യാത്ര ചെയ്തതായും ഭക്ഷണം കഴിച്ച ശേഷം കുട്ടിക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായും പരാതിക്കാരി കൂട്ടിച്ചേർത്തു.
കൂടാതെ സോഷ്യൽമീഡിയ വഴി അവർ വിമാനത്തിൽ നിന്നും ലഭിച്ച ഭക്ഷണ സാധനങ്ങളുടെ ഫോട്ടോയും വീഡിയോയും ഷെയർ ചെയ്തു. എയർ ഇന്ത്യ, ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ, സിവിൽ ഏവിയേഷൻ മന്ത്രി രാംമോഹൻ നായിഡു എന്നിവരെ ടാഗ് ചെയ്തു കൊണ്ടാണ് യുവതി പോസ്റ്റ് ഷെയർ ചെയ്തത്.
സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും , ഭാവിയിൽ ഇത്തരം സംഭവങ്ങൾ നടക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉൾപ്പെടെ പരിശോധിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.