
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ സാറ്റ്സ് കമ്പനിയിലെ കരാർ ജീവനക്കാർ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു. ശമ്പള പരിഷ്കരണവും ബോണസും നൽകാൻ ധാരണ ആയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. സമരത്തെ തുടർന്ന് യാത്രക്കാർ ബുദ്ധിമുട്ട് നേരിട്ടിരുന്നു.
ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജ്മെൻ്റ് തയ്യാറായതോടെയാണ് പണിമുടക്ക് അവസാനിപ്പിച്ചത്. ശമ്പള പരിഷ്കരണവും ബോണസും നൽകാമെന്ന് കമ്പനി പ്രതിനിധികൾ ഉറപ്പുനൽകി. വിവിധ വിഭാഗങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് കൃത്യമായ ശമ്പള വർധനവ് ഉണ്ടാകും. ലോഡിങ് തൊഴിലാളികൾക്ക് 2700 രൂപ അധികമായി നൽകും. ബോണസ് 17,000ത്തിൽ നിന്ന് ആയിരം രൂപ കൂട്ടി നൽകും.
വേതനത്തിൽ ഏകീകൃത ഘടന കൊണ്ടുവന്നതിനെ സംയുക്ത സമരസമിതി സ്വാഗതം ചെയ്തു.ഇന്നലെ രാത്രി 10 മണിയോടെയാണ് തൊഴിലാളികൾ സമരം പ്രഖ്യാപിച്ചത്. വിമാന സർവീസുകളെ സമരം സാരമായി ബാധിച്ചിരുന്നു. ലഗേജുകൾ കിട്ടാൻ യാത്രക്കാർ മണിക്കൂറുകളാണ് കാത്തുനിൽക്കേണ്ടി വന്നത്. ആവശ്യങ്ങൾ പൂർണമായി അംഗീകരിച്ചതോടെ സമരം അവസാനിപ്പിച്ച് തൊഴിലാളികൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ തിരികെ ജോലിക്ക് കയറി.
ഇന്നലെ രാത്രി 10 മണി മുതലാണ് കരാർ ജീവനക്കാർ സമരം തുടങ്ങിയത്. ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസിയിലെ ഒരുവിഭാഗം ജീവനക്കാരാണ് പണിമുടക്കിയത്. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു സമരം. ശമ്പള വർധനയ്ക്ക് പുറമെ ബോണസും വർധിപ്പിച്ച് നൽകണമെന്നായിരുന്നു ജീവനക്കാരുടെ ആവശ്യം.