
തിരുവനന്തപുരം വഞ്ചിയൂരിൽ വീട്ടിൽ കയറി വെടിവെയ്പ്പ് നടത്തിയ കേസിൽ വനിതാ ഡോക്ടറുമായി തെളിവെടുപ്പ് പൂർത്തിയാക്കിയതായി അന്വേഷണ സംഘം. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലെ സ്റ്റാഫ് കോട്ടേഴ്സിലായിരുന്നു തെളിവെടുപ്പ്. വെടിവെക്കാൻ ഉപയോഗിച്ച തോക്ക് ഇവിടെ നിന്നും കണ്ടെത്തി.
ഭർത്താവ് താമസിക്കുന്ന ആശുപത്രിയിലെ സ്റ്റാഫ് കോട്ടേഴ്സിൽ കൃത്യം നടത്തിയതിന് ശേഷം തോക്ക് ഒളിപ്പിച്ച് വച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് എയർ പിസ്റ്റൽ കണ്ടെടുത്തത്. വഞ്ചിയൂർ സി.ഐയുടെ നേതൃത്വത്തിലായിരുന്നു കൊല്ലത്തെ തെളിവെടുപ്പ് പൂർത്തിയാക്കിയത്.
സംഭവ ദിവസം സഞ്ചരിച്ചിരുന്ന കാറിൻ്റെ നമ്പർ പ്ലേറ്റ് നിർമ്മിച്ചത് എറണാകുളത്താണെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അവിടെയും തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.