
ഇന്നലെ വൻതോതിലുള്ള മൈക്രോസോഫ്റ്റ് തകരാറായ 'ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്' മൂലമുണ്ടായ ബുദ്ധിമുട്ടുകളൊഴിയാതെ ഇന്ത്യയിലെ വിമാനത്താവളങ്ങള്‍. നിലവിൽ സ്ഥിതി മെച്ചപ്പെട്ടെങ്കിലും യാത്രക്കാർ നേരിടുന്ന വെല്ലുവിളികൾ തുടരുന്നതായാണ് പുറത്തുവരുന്ന വിവരം. പ്രത്യേകിച്ച് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂർവ സ്ഥിതിയിലായിട്ടില്ല.
ഡൽഹിയിലെ ഐജിഐ എയർപോർട്ടിൻ്റെ ടെർമിനൽ 3-ൽ യാത്രക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് മാറ്റം ഉണ്ടായിട്ടുണ്ടെങ്കിലും ഒന്നും പൂര്‍ണസ്ഥിതിയിലായിട്ടില്ല. ഇന്നലെ, ഓട്ടോമാറ്റിക് സെൽഫ് ഡ്രോപ്പ് ബാഗേജുകളും ചെക്ക്-ഇൻ മെഷീനുകളും പ്രവർത്തനരഹിതമായതിനാൽ ടെർമിനൽ 3-ലെ ഗേറ്റ് നമ്പർ അഞ്ചിന് പുറത്ത് നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. പല ഡൊമസ്റ്റിക് യാത്രികര്‍ക്കും ഇന്ന് ബോർഡിംഗ് പാസുകൾ പ്രിൻ്റ് ചെയ്യാൻ സാധിച്ചെങ്കിലും അന്താരാഷ്ട്ര യാത്രക്കാർക്ക് ബോർഡിംഗ് പാസ് നൽകുന്നതിൽ ഇപ്പോഴും പ്രശ്നങ്ങൾ തുടരുകയാണ്. തടസമില്ലാത്ത പ്രവേശനം സുഗമമാക്കുന്ന ഒന്നു മുതല്‍ മൂന്ന് വരെയുള്ള ഗേറ്റുകളില ഡിജി യാത്രാ മെഷീനുകൾ പ്രവർത്തനരഹിതമാണ്. കാത്തിരിപ്പ് സമയം, ഫ്ലൈറ്റ് ഷെഡ്യൂളുകൾ, മറ്റ് നിർണായക വിവരങ്ങൾ എന്നിവ കാണിക്കുന്ന ഡിസ്പ്ലേ ബോർഡുകൾ ഇപ്പോൾ പ്രവർത്തനക്ഷമമാണ്. എന്നാല്‍, മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ഇൻ്റർനാഷണൽ എയർപോർട്ടിൽ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി.
ബെംഗളൂരു, ചെന്നൈ തുടങ്ങിയ ഉയർന്ന ജനസാന്ദ്രതയുള്ള വിമാനത്താവളങ്ങളാണ് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത്. ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ, ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ വിമാനക്കമ്പനികൾക്ക് തടസങ്ങൾ കുറയ്ക്കാൻ മാനുവൽ ചെക്ക്-ഇൻ സംവിധാനം ആരംഭിച്ചിരുന്നു. ബെംഗളൂരു വിമാനത്താവളത്തിലെ സാങ്കേതിക തകരാർ പൂർണമായും പരിഹരിച്ച് പ്രവർത്തനം സാധാരണ നിലയിലാവുകയും ചെയ്തു. എന്നാൽ, ഇന്നലെ പ്രവർത്തനങ്ങൾ വൈകിയതിൻ്റെ ഭാഗമായുണ്ടായ തിരക്ക് പരിഹരിക്കാൻ മണിക്കൂറുകളെടുക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
അതേസമയം, വിമാനത്താവളങ്ങളുടെ പ്രവർത്തനം സുഗമമായി നടക്കുന്നുണ്ടെന്നും എയർലൈൻ സംവിധാനങ്ങൾ സാധാരണ ഗതിയിലായെന്നും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംകുമാർ നായിഡു പറഞ്ഞു. യാത്രാ പുനഃക്രമീകരണവും റീഫണ്ടുകളും ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി എയർപോർട്ടുകളിലെയും എയർലൈനുകളിലെയും പ്രവർത്തനങ്ങൾ വ്യോമയാന മന്ത്രാലയം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും രാംകുമാർ നായിഡു കൂട്ടിച്ചേർത്തു.