
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ തമിഴ് സിനിമ മേഖലയിലെ ലൈംഗികാതിക്രമ പരാതികള്‍ പരിശോധിക്കാന്‍ നടികര്‍ സംഘം കമ്മിറ്റി രൂപീകരിച്ചതിനെ സ്വാഗതം ചെയ്ത് നടി ഐശ്വര്യ രാജേഷ്. സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഇത്തരം അതിക്രമങ്ങള്‍ തനിക്ക് നേരിട്ടിട്ടില്ല, ഇനി ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു. പക്ഷെ തനിക്ക് അത്തരമൊരു പ്രശ്നം നേരിട്ടിട്ടില്ല എന്നതുകൊണ്ട് അങ്ങനെ ഒരു സംഭവമില്ലെന്ന് പറയാനാകില്ലെന്നും ഐശ്വര്യ രാജേഷ് പറഞ്ഞു.
സഹായവും പിന്തുണയും പ്രതീക്ഷിച്ച് പോകുന്ന സ്ത്രീകള്‍ക്ക് അതൊന്നും ലഭിച്ചില്ലെങ്കില്‍ കമ്മിറ്റി രൂപീകരിച്ചതുകൊണ്ട് അര്‍ത്ഥമില്ല. പരാതി പറഞ്ഞതിന്‍റെ പേരില്‍ ഒരു സ്ത്രീയ്ക്കും തൊഴിലോ തൊഴിലവസരങ്ങളോ നഷ്ടപ്പെടരുത്. അവരെ സംരക്ഷിക്കുന്നതാണ് പ്രധാനം. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കണമെന്നും ഐശ്വര്യ രാജേഷ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
'സിനിമ മേഖലയിലെ സ്ത്രീകള്‍ കൂടുതല്‍ ധൈര്യവും ആത്മവിശ്വാസവും ഉള്ളവരാകണം. ആരെയും നമുക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ അനുവദിക്കരുത്. ആരെങ്കിലും അതിന് ശ്രമിച്ചാല്‍ പ്രോത്സാഹിപ്പിക്കരുത്. അവരുടെ മുഖത്ത് നോക്കി നോ എന്ന് പറയാനുള്ള ധൈര്യം കാണിക്കണം. ഞാന്‍ അങ്ങനെയുള്ള ഒരാളാണ്, എന്‍റെ സുഹൃത്തുക്കളോടും ഇത് തന്നെയാണ് പറയാറുള്ളത് '- ഐശ്വര്യ രജേഷ് പറഞ്ഞു.
സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ക്ക് ശുചിമുറി ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും ഐശ്വര്യ പറഞ്ഞു.
'ഒരു നടിയെന്ന നിലയിൽ എന്റെ അഭിപ്രായത്തിൽ ആദ്യം പരിഹരിക്കപ്പെടേണ്ട പ്രശ്നം ഔട്ട്ഡോർ ചിത്രീകരണസമയത്ത് സ്ത്രീകൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യമൊരുക്കുക എന്നതാണ്. ഒരു നായികയെന്ന നിലയിൽ എനിക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ വാനിറ്റി വാൻ ലഭിച്ചേക്കും. എന്നാൽ കാരക്റ്റർ റോളുകൾ ചെയ്യുന്ന മറ്റ് സ്ത്രീകൾ എന്തുചെയ്യും? അവർ ശരിക്ക് കഷ്ടപ്പെടും. ഒരുപാട് ദിവസങ്ങൾ നീളുന്ന ഔട്ട്ഡോർ ചിത്രീകരണമാണെങ്കിൽ അവർ കൂടുതൽ കഷ്ടത്തിലാകും. ഈ പ്രശ്നം പരിഹരിക്കാൻ ഇൻഡസ്ട്രി വേണ്ടത് ചെയ്യുമെന്നാണ് കരുതുന്നത്.'ഐശ്വര്യ രാജേഷ് പറഞ്ഞു.