
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസി പെൻഷനും മറ്റ് ക്ഷേമ പെൻഷനുകളും ഉൾപ്പെടെ മുടങ്ങുന്ന സാഹചര്യത്തിൽ ഇത്തരം നടപടി അംഗീകരിക്കാൻ സാധിക്കില്ല. ന്യായമായ വേതന വർധന ആവശ്യപ്പെട്ട് കൊണ്ട് വിവിധ വിഭാഗക്കാർ പ്രക്ഷോഭം നടത്തുന്ന അവസരത്തിലും സർക്കാർ കൈകൊണ്ട നിലപാട് അംഗീകരിനാകില്ലെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് അറിയിച്ചു.
സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ഗവൺമെൻ്റ് ജീവനക്കാർക്കും സ്കൂൾ പാചക തൊഴിലാളികൾക്കും ആശാ വർക്കർമാർക്കും ഉൾപ്പെടെ അർഹമായ വേതനത്തിൽ വർധനവുണ്ടാക്കാൻ സാധിച്ചിട്ടില്ല. ഈ സമയത്ത് ഇപ്രകാരമൊരു തീരുമാനം സർക്കാർ കൈകൊള്ളുന്നത് ആശങ്കയുളവാക്കുന്നു സംഘടന വ്യക്തമാക്കി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ വർഷം നാലു കോടിയുടെ അധിക ബാധ്യതയുണ്ടാക്കുന്ന നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ. അരുണും സെക്രട്ടറി ടി. ടി. ജിസ്‌മോനും ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും ശമ്പളം വർധിപ്പിച്ച് കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. ഇതോടെ ആനുകൂല്യവും അലവൻസും ചേർത്താൽ മൂന്നര ലക്ഷത്തിനു മുകളിൽ ശമ്പളം ലഭിക്കും. മന്ത്രിസഭയുടെ അംഗീകാര പ്രകാരം 76,000 രൂപയിൽ നിന്ന് പിഎസ്‌സി ചെയർമാൻ്റെ ശമ്പളം രണ്ടേകാൽ ലക്ഷത്തോളമാണ് ഒറ്റയടിക്ക് കൂട്ടിയത്.
പിഎസ്‌സി അംഗങ്ങളുടെ കാര്യത്തിൽ എഴുപതിനായിരം രൂപയുണ്ടായിരുന്ന ശമ്പളം എല്ലാ ആനുകൂല്യങ്ങളും ചേർത്താൽ ഇനിമുതൽ മൂന്നര ലക്ഷത്തോളം വരെയാകും. ഒരു ലക്ഷത്തിന് മുകളിൽ ഉണ്ടായിരുന്ന ക്ഷാമബത്തയും 10,000 രൂപ വീതം നൽകിയിരുന്ന വീട്ടുവാടകയും കൂട്ടും. ജഡ്ജിമാരുടെ ശമ്പള സ്കെയിൽ മാനദണ്ഡമാക്കിയാണ് പിഎസ്‌സിയിലും ശമ്പള പരിഷ്കരണം. 2006-ലാണ് പി എസ് സിയിൽ ശമ്പള പരിഷ്കരണം ഒടുവിൽ നടപ്പാക്കിയത്. ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതിന് പല കോണിൽ നിന്നും കടുത്ത എതിർപ്പ് ഉയർന്നിരുന്നു. ഇതിനെയൊക്കെ അവഗണിച്ചു കൊണ്ടാണ് ശമ്പളം വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയത്.