'ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തല്ലേ പ്രസിഡന്റേ': രാഹുല്‍ മാങ്കൂട്ടത്തിന് തുറന്ന കത്തുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി

എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ ആണ് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന് തുറന്ന കത്ത് എഴുതിയിരിക്കുന്നത്.
AIYF State Secretary writes an open letter to rahul mamkootathil on Wayanad rehabilitation fund row
AIYF State Secretary writes an open letter to rahul mamkootathil on Wayanad rehabilitation fund row
Published on

കൊച്ചി: വയനാട് പുനരധിവാസം സംബന്ധിച്ച് യൂത്ത് കോൺ​ഗ്രസ് വാ​ഗ്ദാനം ചെയ്ത വീടുകൾ സംബന്ധിച്ച ചോദ്യവുമായി എഐവൈഎഫ് രം​ഗത്ത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ ആണ് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന് തുറന്ന കത്ത് എഴുതിയിരിക്കുന്നത്.

കത്തിന്റെ പൂർണ്ണരൂപം

പ്രിയപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ, സുഖമെന്ന് കരുതുന്നു, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റെന്ന നിലയിൽ ഏറെ സ്നേഹത്തോടെ അതിലേറെ ആദരവോടെ ചില കാര്യങ്ങൾ താങ്കളോട് പങ്ക് വെക്കണം എന്ന് തോന്നിയതിനാലാണ് ഈ കുറിപ്പ്. ജനാധിപത്യ സമ്പ്രദായത്തിൽ പ്രവർത്തിക്കേണ്ട ജനതയെ ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രവർത്തനത്തിന് സജ്ജമാക്കുകയെന്ന ചരിത്ര നിയോഗമാണ് വർത്തമാന കാലഘട്ടത്തിൽ ഓരോ യുവ ജന സംഘടനകളും ഏറ്റെടുക്കേണ്ടത്.

രാഷ്ട്രീയ പ്രവർത്തനത്തിന്റെ ലേബലിൽ ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് അരങ്ങേറുന്നതെന്ന മിഥ്യ ധാരണ യുവജനങ്ങളിൽ വലിയൊരു വിഭാഗത്തെ നയിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ പശ്ചാത്തലത്തിൽ യുവ ജന സംഘടന നേതാക്കളുടെ ഉത്തരവാദിത്തം വർദ്ധിക്കുകയും ചെയ്യുകയാണ്.

എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ ജനാധിപത്യത്തെ അർത്ഥപൂർണ്ണമാക്കുന്ന പ്രബുദ്ധമായ പ്രത്യയശാസ്ത്ര – ദാർശനിക വിഷയങ്ങളുടെ തീക്ഷ്ണമായ പഠനവേദികൾക്ക് പകരം അപവാദ പ്രചരണവും അധികാരക്കൊതിയും കുതികാല്‍ വെട്ടും ഗ്രൂപ്പിസവും ഫാൻസ്‌ അസോസിയേഷൻ രൂപീകരണവും തുടങ്ങിയുള്ള നെറികെട്ട പ്രവർത്തനങ്ങളെ രാഷ്ട്രീയത്തിന്റെ അനിവാര്യ ഘടകങ്ങളായി മാറ്റുകയും ആദർശങ്ങളും മൂല്യങ്ങളും വാക്കുകളിൽ ഒതുക്കി പ്രായോഗിക തലത്തിൽ അത് സംപൂജ്യമാക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കേരളത്തിലെ യൂത്ത് കോൺഗ്രസ്‌ നേതൃത്വം മാറുന്നുവെന്ന് പറയേണ്ടി വരുന്നതിൽ എനിക്ക് അതിയായ ഖേദമുണ്ട്.

ഇത് ഞങ്ങളുടെ മാത്രം അഭിപ്രായമല്ല, താങ്കൾ ടി വി യിൽ മാത്രം പ്രത്യക്ഷപ്പെടുന്ന കഥാ പാത്രമാണെന്നും മണ്ഡലങ്ങളിൽ പോയി ചെറുപ്പക്കാരെ സംഘടിപ്പിക്കാൻ തയ്യാറാകുന്നില്ലെന്നും താങ്കളെ വേദിയിലിരുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം വിമർശനമുന്നയിച്ചത് മുതിർന്ന കോൺഗ്രസ്‌ നേതാവ് പി ജെ കുര്യനായിരുന്നില്ലേ. ടെലിവിഷനിൽ കാണുന്ന യൂത്ത് കോൺഗ്രസുകാരെ തന്റെ പഞ്ചായത്തിൽ കാണാറില്ലെന്ന് അദ്ദേഹം

പരിഹസിക്കുകയും ചെയ്തിട്ടുണ്ട്.

പി ജെ കുര്യന്റെ പ്രസ്താവനയോട് അസഹിഷ്ണുത പ്രകടിപ്പിച്ചു കൊണ്ടുള്ള താങ്കളുടെ നീരസവും കാണാൻ കഴിഞ്ഞു.

എന്നാൽ രമേശ്‌ ചെന്നിത്ത, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പഴകുളം മധു അടക്കമുള്ള നേതാക്കന്മാർ പി ജെ കുര്യൻ പറഞ്ഞതിനെ ന്യായീകരിക്കുകയാണ് ചെയ്തതെന്നോർക്കുക. ചരിത്രത്തെയും സംസ്കാരത്തെയും വക്രീകരിച്ച് ഹിന്ദു രാഷ്ട്ര

നിർമ്മിതിക്കായുള്ള പ്രത്യയ ശാസ്ത്ര പരിസരം സൃഷ്ടിച്ചെടുക്കാനുള്ള സംഘ് പരിവാർ ഹിഡൻ അജണ്ടക്കെതിരെ ജാഗ്രതയോടെയുള്ള മതനിരപേക്ഷ ഇടപെടലും പ്രതിരോധവും കാലഘട്ടം ആവശ്യപ്പെടുന്ന സാഹചര്യത്തിൽ രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണിയെ സംബന്ധിച്ച ഗൗരവകരമായ ചിന്തയോ അതിനെ പ്രതിരോധിക്കാനുള്ള പ്രയോഗ ക്ഷമമായ ബദലിനെ സംബന്ധിച്ച ആശയ വ്യക്തതയോ ഒന്നും ഇല്ലാതെ അന്ധമായ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധത മാത്രം മുഖ മുദ്രയാക്കുകയാണ് കേരളത്തിൽ യൂത്ത് കോൺഗ്രസ്‌.

അതോടൊപ്പം സംസ്ഥാനത്തെ ഇടത് പക്ഷ ജനാധിപത്യ മുന്നണി സർക്കാറിന്നെതിരെ ക്രിയാത്മകമായ വിമർശനങ്ങൾ ഒന്നും തന്നെ ഉന്നയിക്കാൻ കഴിയാതെ റീൽസുകളിലൂടെയും പി ആർ വർക്കുകളിലൂടെയും സജീവ സാന്നിധ്യമാണെന്നറിയിക്കാനുള്ള പെടാ പാട് പെടുകയും ചെയ്യുന്നു.

ചാനൽ ചർച്ചകളിലെ വാചാലതകൾക്കപ്പുറം വർത്തമാന യുവത്വം നേരിടുന്ന ഏത് വിഷയത്തിലാണ് യൂത്ത് കോൺഗ്രസ്‌ ജാഗ്രതയോടെ ഇട പെടുന്നത്? മദ്യവും മയക്കു മരുന്നുമടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിത വ്യവഹാരങ്ങളിലും ബോധമണ്ഡലങ്ങളിലും സമഗ്രാധിപത്യം സ്ഥാപിച്ച് പൊതു ജനാരോഗ്യത്തിനും സാമൂഹ്യപുരോഗതിക്കും കടുത്ത വിഘാതം സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന അവസരത്തിൽ എന്ത് ബോധവത് കരണമാണ് യൂത്ത് കോൺഗ്രസ്‌ സമൂഹത്തിൽ നടത്തുന്നത്?

കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ചൂരൽ മല മുണ്ടക്കൈ മേഖലകളിലെ ഉരുൾ ബാധിതരെ ചേർത്ത് പിടിച്ചു കൊണ്ട് എ ഐ വൈ എഫ് സംഘടിപ്പിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിന്നും വിവിധ ചലഞ്ചുകളിൽ നിന്നുമായി സമാഹരിച്ച തുക ഞങ്ങൾ മുഖ്യ മന്ത്രിക്ക് കൈമാറിയിരുന്നു. ഡി വൈ എഫ് ഐ യും സർക്കാരിന് നൽകിയ തുകയുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.

എന്നാൽ വയനാട് ദുരന്തബാധിതർക്ക്‌ യൂത്ത്‌ കോൺഗ്രസ്‌ പ്രഖ്യാപിച്ച ഭവനപദ്ധതിക്ക് വേണ്ടി പിരിച്ച കോടികളെ സംബന്ധിച്ച് ആലപ്പുഴയിൽ നടന്ന സംസ്ഥാന രാഷ്‌ട്രീയ പരിശീലന ക്യാമ്പിൽ വിമർശനമുയർന്നപ്പോൾ പല നേതാക്കളും ഫണ്ട് പിരിവിന്റെ കണക്കുകൾ ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകാൻ പോലും കഴിയാത്ത ഗതി കേടിലായിരുന്നു നേതൃത്വം. 2024 ആഗസ്‌തിലാണ്‌ ദുരിതബാധിതർക്കായി യൂത്ത് കോൺഗ്രസ് 30 വീട്‌ നിർമിച്ചുനൽകുമെന്ന്‌ വാഗ്‌ദാനം നൽകിയത്‌. ഇതിന്‌ നിയോജകമണ്ഡലം കമ്മിറ്റികൾ ചേർന്ന്‌ 2.40 കോടി പിരിച്ചുനൽകാനായിരുന്നു നിർദേശം. പണം മുഴുവൻ ലഭിച്ചില്ലെന്നും 88 ലക്ഷം രൂപ മാത്രമാണ്‌ സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ടിലെത്തിയതെന്നും താങ്കൾ ആലപ്പുഴയിൽ മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു.

കേരളം മൊത്തം വ്യാപിച്ചു കിടക്കുന്നു എന്നവകാശപ്പെടുന്ന സംഘടനയുടെ നേതാക്കൾ ബഹു ജനങ്ങളിൽ നിന്ന് നിശ്ചിത സംഖ്യ പിരിക്കുവാൻ പോലുമുള്ള സ്വാധീനമില്ലാത്തവരാണെങ്കിൽ അതിനെ ഗതികേട് എന്നല്ലാതെ എന്ത് പറയാനാണ്! ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട പത്ത് കുടുംബങ്ങൾക്ക് വീടുവെച്ച് നൽകുന്നതുൾപ്പെടെയുള്ള നിരവധി പദ്ധതികളാണ് എ ഐ വൈ എഫ് ആസൂത്രണം ചെയ്തത്.

പേപ്പർ ചലഞ്ച്, ബിരിയാണി ചലഞ്ച്, പായസ ചലഞ്ച്, വര ചലഞ്ച്, കൂപ്പൺ ചലഞ്ച്, ബുള്ളറ്റ് ചലഞ്ച്,തുടങ്ങി വിവിധ ചലഞ്ചുകളിലൂടെയും മറ്റ് വ്യത്യസ്ത ക്യാമ്പയിനുകളിലൂടെയുമുള്ള അതിജീവന ശ്രമങ്ങളിൽ ഞങ്ങളുടെ പ്രവർത്തകർ ഒന്നടങ്കം സജീവമായി. അതോടൊപ്പം മറ്റ് യുവജന സംഘടനകളും മത-രാഷ്ട്രീയ-സാമൂഹ്യ സംഘടനകളുമെല്ലാം തന്നെ ദുരന്ത മേഖലയിൽ സഹായ ഹസ്തവുമായി കേരളം കണ്ട തീവ്രമായ പ്രകൃതി ദുരന്തത്തെ അതിജീവിക്കാൻ രംഗത്തെത്തുകയും ചെയ്തു.

എന്നാൽ പിരിച്ച പണത്തിന്റെ കണക്ക് ചോദിക്കുമ്പോൾ ഇതര സംഘടനകൾ പ്രഖ്യാപിച്ച വീട് ലഭിച്ച വ്യക്തികളുടെ വിലാസമൊക്കെ അന്വേഷിച്ച് നടക്കുന്നത് ഉത്തരം മുട്ടുമ്പോഴുള്ള കൊഞ്ഞനം കുത്തലല്ലേ പ്രസിഡന്റേ? സർക്കാർ വീടുകൾക്ക് നിശ്ചയിച്ച പണം അടിസ്ഥാനപ്പെടുത്തി നിശ്ചിത വീടുകൾക്കുള്ള തുക ഇടത് യുവജന സംഘടനകൾ സുതാര്യമായിത്തന്നെ കൈമാറിയതിന്റെ തെളിവുകൾ അങ്ങേക്ക് പരിശോധിക്കാമല്ലോ!

താങ്കൾ സൈബർ ഇടങ്ങളിലെ ന്യായീകരണ തൊഴിലാളിയുടെ അവസ്ഥയിലേക്ക് താഴ്ന്നു പോകരുതെന്ന് ഏറെ ആദരവോടെ ഉണർത്തുന്നു.

സംഘടന തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റേതെന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് ജനാധിപത്യത്തെ തന്നെ കൊഞ്ഞനം കുത്തിയവർക്ക് കമ്മ്യൂണിസ്റ്റ്‌കാരെ പുലഭ്യം പറയൽ മാത്രമാണ് നിലവിൽ രാഷ്ട്രീയ പ്രവർത്തനം.

ആശയപരമായ വിമർശനങ്ങൾക്കപ്പുറത്ത് അപവാദ പ്രചാരണങ്ങളിലൂടെയും വ്യക്തി ഹത്യയിലൂടെയും ആത്മ സായൂജ്യമടയുന്ന രാഷ്ട്രീയ പാപ്പരത്തത്തിന് സ്വന്തം പാർട്ടിയിൽ പോലും സ്വീകാര്യത ലഭിക്കുന്നില്ലെന്നതിന്റെ തെളിവല്ലേ പി ജെ കുര്യൻ അടക്കമുള്ള നേതാക്കളുടെ പ്രസ്താവന തെളിയിക്കുന്നത്? നിലപാടുകളുടെയും പ്രത്യയ ശാസ്ത്ര പ്രബുദ്ധതയുടെയും അഭാവം നിമിത്തം രാഷ്ട്രീയ പ്രവർത്തനത്തിന് തങ്ങളുടെ അജണ്ടകൾക്കനുസൃതമായ രീതിയിൽ നിർവചനം സൃഷ്ടിക്കുന്ന സാഹചര്യം അത്യന്തം അപഹാസ്യമല്ലേ?

പ്രിയ രാഹുൽ, സാമൂഹ്യ താൽപര്യങ്ങൾക്കുവേണ്ടിയുള്ള സമർപ്പണത്തിന്റെ സംസ്കാര രൂപീകരണത്തിലൂടെ മാത്രമേ രാഷ്ട്രീയത്തോടുള്ള പുതു തലമുറയുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കാൻ നമുക്ക് കഴിയുകയുള്ളൂ. ജനതയെ ഉദാത്തമായ ജനാധിപത്യ പ്രബുദ്ധതയുടെ തലത്തിലേക്ക് ഉയർത്തുകയെന്ന ചരിത്രപരമായ കടമ നിർവഹണത്തിന് നിയുക്തരായ യുവത്വത്തെ അരാഷ്‌ടീയ വാദത്തിന്റെ വക്താക്കളാകാൻ വിട്ട് കൊടുക്കാതിരിക്കുക എന്നത് നമ്മുടെയെല്ലാം കടമയാണ്. അതിനാൽ നമുക്ക് ആശയ സംവാദമാകാം, ആരോഗ്യകരമായ വിമർശനമാകാം,

എന്നാൽ രാഷ്ട്രീയത്തെയും രാഷ്ട്രീയ പ്രവർത്തകരെയും പൊതു സമൂഹത്തിൽ അപഹാസ്യതയുടെ പര്യായങ്ങളാക്കി മാറ്റുന്ന വിധത്തിലുള്ള അനാരോഗ്യ പ്രവണതകളോട് വിയോജിപ്പുകളുണ്ടാകുമ്പോൾ നീരസപ്പെടാതിരിക്കുമല്ലോ!

Related Stories

No stories found.
News Malayalam 24x7
newsmalayalam.com