
അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യൻ സന്ദർശനത്തെത്തുടർന്ന് ഇന്ത്യ-യുഎസ് ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ഇരുവരും ഫോൺ സംഭാഷണം നടത്തിയത്. സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകതയെ പറ്റിയും, തന്ത്രപരമായ കാര്യങ്ങളിൽ ഇന്ത്യ-യുഎസ് പങ്കാളിത്തം വിപുലീകരിക്കുന്നതിനെപ്പറ്റിയും ഇരുവരും സംസാരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പൊതുവായ മൂല്യങ്ങളും താൽപ്പര്യങ്ങളും അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഇരു രാജ്യങ്ങളും ഒന്നിച്ച് നിൽക്കുമെന്ന് രണ്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും സമ്മതിച്ചതായും മന്ത്രലയം വ്യക്തമാക്കി. മറ്റ് രാജ്യങ്ങൾ ആഗോള നിയമങ്ങൾ പാലിക്കാതെ മുന്നോട്ട് പോകുമ്പോൾ ഇന്ത്യയും യുഎസും ജനാധിപത്യ തത്വങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും ഇരുവരും പറഞ്ഞു.