
മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വാദം കേള്‍ക്കാതെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
കേസില്‍ രണ്ടാം പ്രതിയായ ഡോ. ശ്രീക്കുട്ടിക്ക് രണ്ട് ദിവസം മുമ്പ് ജാമ്യം ലഭിച്ചിരുന്നു. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തന്നെയായിരുന്നു ജാമ്യം അനുവദിച്ചത്. അജ്മലിന്റെ ജാമ്യാപേക്ഷ നേരത്തേ, ശാസ്താംകോട്ട കോടതിയും തള്ളിയിരുന്നു.
സെപ്തംബര്‍ 15നായിരുന്നു ഡോ. ശ്രീക്കുട്ടിയും അജ്മലും സഞ്ചരിച്ച കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൈനാഗപ്പള്ളി സ്വദേശിനിയായ കുഞ്ഞുമോള്‍ മരിച്ചത്. സ്‌കൂട്ടറിനെ ഇടിച്ചു വീഴ്ത്തിയ ശേഷം റോഡില്‍ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
സംഭവത്തിനു പിന്നാലെ, ശ്രീക്കുട്ടിയെയും അജ്മലിനെയും പിടികൂടുമ്പോള്‍ ഇരുവരും മദ്യപിച്ചിരുന്നതായും, എംഡിഎംഎ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയതായി കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷാ റിപ്പോര്‍ട്ടില്‍ പൊലീസ് സൂചിപ്പിപ്പിച്ചിരുന്നു.
ഇരുവരും താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടലില്‍ നിന്നും മദ്യക്കുപ്പികളും രാസലഹരി ഉപയോഗത്തിനുള്ള ട്യൂബും പൊലീസ് കണ്ടെടുത്തി. ഇവര്‍ 14ാം തീയതി ഹോട്ടലില്‍ താമസിച്ച് ലഹരി ഉപയോഗിച്ചതിന്റെ തെളിവുകളാണ് ഹോട്ടലില്‍ നിന്ന് പൊലീസിന് ലഭിച്ചത്. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.