
നവാഗതനായ മനു ജെയിംസ് സംവിധാനം ചെയ്ത ചിത്രമാണ് നാന്‍സി റാണി. 2023ല്‍ സംവിധായകന്‍ അന്തരിച്ചതോടെ സിനിമ വലിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഇപ്പോള്‍ ഏപ്രില്‍ 18ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. ആ സാഹചര്യത്തില്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അജു വര്‍ഗീസ് ചിത്രം റിലീസ് വൈകിയതിനെ കുറിച്ച് തുറന്ന് സംസാരിച്ചു. നാന്‍സി റാണി എന്ന ചിത്രം വെളിച്ചം കാണുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നാണ് അജു പറഞ്ഞത്. നാന്‍സി റാണിയുടെ പ്രമോഷന്‍ സമയത്താണ് താരം ഇതേ കുറിച്ച് സംസാരിച്ചത്.
'ഞാന്‍ ഒരിക്കലും ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്ന് പോയിട്ടില്ല. ഇതാദ്യമായാണ് ഇങ്ങനെയൊരു അനുഭവം. ഈ ചിത്രം തിയേറ്ററിലെത്തണമെന്ന് ഞാന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു. പക്ഷെ ഇത് വെളിച്ചം കാണുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. അതിന് മനുവിന്റെ ഭാര്യയ്ക്കും അച്ഛനുമാണ് നന്ദി പറയേണ്ടത്. അതോടൊപ്പം നിര്‍മാതാക്കളായ റോയ് സെബാസ്റ്റിയനും ജോണ്‍ വര്‍ഗീസിനും നന്ദി അറിയിക്കുന്നു', അജു വര്‍ഗീസ് പറഞ്ഞു.
'ഇതൊരു ചെറിയ കാര്യമല്ല. നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ് ഒരു സിനിമ തിയേറ്ററിലെത്തിക്കുന്നത് എന്ത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന്. മനുവിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി', എന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
കൈലാത്ത് ഫിലിംസിന്റെ ബാനറില്‍ റോയി സെബാസ്റ്റ്യന്‍, മനു ജയിംസ് സിനിമാസിന്റെ ബാനറില്‍ നൈനാ ജിബി പിട്ടാപ്പിള്ളില്‍, പോസ്റ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണ്‍ ഡബ്ല്യൂവര്‍ഗീസ് എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്. അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ്, സണ്ണി വെയ്ന്‍, ലാല്‍, ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ധ്രുവന്‍, റോയി സെബാസ്റ്റ്യന്‍, മല്ലികാ സുകുമാരന്‍, വിശാഖ് നായര്‍, കോട്ടയം രമേശ്, ലെന, സുധീര്‍ കരമന, അബൂസലീം, അസീസ് നെടുമങ്ങാട്, മാല പാര്‍വതി, തെന്നല്‍ അഭിലാഷ്, വിഷ്ണു ഗോവിന്ദ്, പോളി വില്‍സണ്‍, സോഹന്‍ സിനുലാല്‍, നന്ദു പൊതുവാള്‍, കോട്ടയം പുരുഷന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. അമേരിക്ക, ഗ്രീസ്, കോട്ടയം, ഇടുക്കി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍.