
പഹൽഗാം ഭീകരാക്രമണം പാകിസ്ഥാൻ സൈന്യത്തിൻ്റെ അറിവോടെയല്ലാതെ നടക്കില്ലെന്ന് മുൻ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആൻ്റണി ന്യൂസ് മലയാളത്തോട്. സൈനിക വേഷത്തിൽ ഭീകരർ നുഴഞ്ഞ് കയറണമെങ്കിൽ പാകിസ്ഥാൻ സൈന്യത്തിൻ്റെ സഹായം ലഭിച്ചിട്ടുണ്ടാകും. പഹൽഗാം ആക്രമണത്തിന് കാരണമായത് സുരക്ഷാവീഴ്ചയല്ല എന്നും പാകിസ്ഥാൻ ലക്ഷ്യമിട്ടത് കശ്മീർ ശാന്തമല്ല എന്ന് സന്ദേശം നൽകാനാണ് എന്നും എ.കെ. ആൻ്റണി പറഞ്ഞു.
പാക് സൈന്യത്തിൻ്റെ അറിവോ സമ്മതമോ ഇല്ലാതെ ഒരു ഭീകരനും ഇന്ത്യയിലേക്ക് കടക്കില്ല. പാകിസ്ഥാൻ സൈന്യത്തിൻ്റെ സഹായത്തോടെയാണ് ഈ ഭീകരാക്രമണം. ചിലപ്പോൾ പാകിസ്ഥാൻ സൈന്യത്തിൻ്റെ ഏതെങ്കിലും ഗ്രൂപ്പിൻ്റെ കൂടി പങ്കുണ്ടാകാം. ഇനി വേണ്ടത് ഇതിന് ചുട്ട മറുപടി കൊടുക്കുകയാണ്. അതിശക്തമായ മറുപടി നൽകണമെന്നാണ് ഇന്ത്യയും ഇവിടുത്തെ ജനങ്ങളും ആഗ്രഹിക്കുന്നത്. എപ്പോൾ തിരിച്ചടിക്കണം, എങ്ങനെ തിരിച്ചടിക്കണം എന്നെല്ലാം സൈന്യത്തിന് വിട്ടുകൊടുക്കണം. ഇന്ത്യൻ സൈന്യം മാരകമായ പ്രഹരമേൽപ്പിക്കും എന്നതിൽ സംശയമില്ലെന്നും എ.കെ. ആൻ്റണി പ്രതികരിച്ചു.
അതേസമയം, പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍. രാമചന്ദ്രന്റെ (65) ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിമാനം കൊച്ചി വിമാനത്താവളത്തില്‍ എത്തി. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ജില്ലാ കളക്ടര്‍ ഉമേഷ് എന്നിവര്‍ ഭൗതിക ശരീരം ഏറ്റുവാങ്ങി. മുഖ്യമന്ത്രിക്ക് വേണ്ടി കൃഷി മന്ത്രി റീത്ത് സമര്‍പ്പിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എംപിമാരായ ഹൈബി ഈഡന്‍, ബെന്നി ബെഹന്നാന്‍, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ടി.ജെ. വിനോദ്, എല്‍ദോസ് കുന്നപ്പിള്ളി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്നിവരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവരും എത്തി അന്തിമോപചാരം അര്‍പ്പിച്ചു.