
ഉപതെരഞ്ഞെടുപ്പിൽ പി. സരിനെ ഇടത് സ്ഥാനാർഥിയായി നിർത്തുന്നതിൽ പാലക്കാട് ജില്ലാ കമ്മിറ്റിയുമായി ചേർന്ന് കൃത്യമായ തീരുമാനമെടുക്കുമെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. സരിൻ നിലപാട് വ്യക്തമാക്കി. എന്നാൽ ഇത് സരിൻ്റെ അഭിപ്രായമായി മാത്രം കാണുന്നില്ലെന്നും, അദ്ദേഹം പുറത്തുവിട്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണെന്നും എ.കെ. ബാലൻ പറഞ്ഞു.
ജനാധിപത്യമുള്ള പാർട്ടി എന്ന് പറഞ്ഞ് കോൺഗ്രസിൽ നടക്കുന്നത് തനി ഏകാധിപത്യമാണ്. സരിൻ ഉയർത്തിയത് സംഘടനാപരവും രാഷ്ട്രീയപരവുമായ കാര്യങ്ങൾ. സിപിഎമ്മിന് എതിരായ കോൺഗ്രസ് നിലപാടിൽ കോൺഗ്രസിനുള്ളിൽ തന്നെ ഭിന്നത രൂപപ്പെട്ടുവെന്നും എ.കെ. ബാലൻ പറഞ്ഞു.
ഷാഫി പറമ്പിൽ എംപിയായപ്പോൾ തന്നെ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർഥിയാണെന്ന പ്രചരണം ഉണ്ടായി. സിപിഎമ്മിനെ ഒറ്റപ്പെടുത്താൻ പ്രതിപക്ഷവും പ്രതിപക്ഷ നേതാവും ആർഎസ്എസ് നേതാക്കളുമായി ഗൂഢാലോചന നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥി നിർണ്ണയ പ്രക്രിയയുടെ ഇടയിലാണ് ഈ സംഭവം ഉണ്ടായത്. പാലക്കാട്ടെ പാർട്ടിയുടെ പൊതു തീരുമാനമനുസരിച്ച് ആയിരിക്കും പാർട്ടി തീരുമാനം. സരിനെ സ്വീകരിക്കണോ സ്ഥാനാർഥിയാക്കണോ എന്നതൊക്കെ അവിടുത്തെ പാർട്ടി തീരുമാനിക്കും. എൽഡിഎഫ് നയം സ്വീകരിച്ച് തങ്ങളോടൊപ്പം വരുന്ന ആരെയും സ്വീകരിക്കുമെന്നും എ.കെ. ബാലൻ പറഞ്ഞു.