
പി.വി. അൻവറിൻ്റെ ആരോപണം ബോധപൂർവ്വമുള്ള ഗൂഢാലോചനയുടെ ഭാഗമെന്ന് എ.കെ. ബാലൻ. അദ്ദേഹത്തിൻ്റെ അജണ്ട സിപിഐഎമ്മിന് വ്യക്തമായതാണ്. പി. ശശിക്കെതിരായ ആരോപണം ഉള്ളി പൊളിച്ചത് പോലെയെന്നും എ.കെ ബാലൻ പറഞ്ഞു.
അൻവർ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുണ്ടെങ്കിൽ സർക്കാരുമായി സഹകരിക്കുകയാണ് വേണ്ടത്. വിഷ പാമ്പ് പോലും പാലു കൊടുത്ത കൈയ്ക്ക് കടിക്കില്ല. അതിലും വലിയ കാര്യങ്ങളാണ് അൻവർ ചെയ്യുന്നത്. ശശിക്കെതിരായ ആരോപണങ്ങൾ ഉള്ളി പൊളിച്ചത് പോലെയാകും. ഒരു ആശങ്കയും അത് സംബന്ധിച്ചില്ല. മുഖ്യമന്ത്രിയെയും കുടുംബത്തെയും സർക്കാരിനെയും വല്ലാതെ ആക്രമിച്ചു കളയാമെന്ന് കരുതരുത്. അൻവറിൻ്റെ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇന്നല്ലെങ്കിൽ നാളെ അത് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിക്കുള്ളിൽ ചിലർ അൻവറിനെ പരോക്ഷമായി പിന്തുണക്കുന്നുണ്ടെന്ന തരത്തിൽ കേട്ടിരുന്നു. പാർട്ടിയിൽ ആരുടെ പിന്തുണയാണുള്ളതെന്ന് അദ്ദേഹം പൊതുസമൂഹത്തോട് പറയട്ടെ. അത് പച്ച നുണയാണ്. അദ്ദേഹത്തിൻ്റെ ആരോപണങ്ങളിൽ സർക്കാരിന് ചെയ്യാനുള്ളതിൻ്റെ പരമാവധി ചെയ്തു. ഇതിൽ കൂടുതൽ ഒന്നും ചെയ്യാനില്ല. സൂര്യൻ്റെ പ്രകാശം അവിടെത്തന്നെ ഉണ്ടാകുമെന്നും എ.കെ. ബാലൻ പറഞ്ഞു.
READ MORE: എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം; അൻവറിന്‍റെ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളുന്നു: മുഖ്യമന്ത്രി
മുഖ്യമന്ത്രിക്കെതിരെയും സിപിഎമ്മിനെതിരെയും അൻവർ വീണ്ടും ആരോപണം ഉന്നയിച്ചെത്തിയതോടെ അദ്ദേഹത്തിനെതിരെ നടപടിക്കൊരുങ്ങുകയാണ് സംസ്ഥാന നേതൃത്വം. അൻവറിൻ്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും, പാർട്ടിയെയും, മുഖ്യമന്ത്രിയെയും ആക്രമിക്കുന്നത് പാർട്ടി ശത്രുക്കൾക്ക് വേണ്ടിയാണെന്നുമുള്ള വാദങ്ങളാണ് പല നേതാക്കളും മുന്നോട്ട് വെക്കുന്നത്. അൻവറിൻ്റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമായെന്നും ആരോപണങ്ങളെ തള്ളിക്കളയുകയാണെന്നും മുഖ്യമന്ത്രിയും വ്യക്തമാക്കി.