
ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട ഹൈകോടതി വിധിയില്‍ നിലപാട് വ്യക്തമാക്കി വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. ഉത്സവത്തിന് ആന എന്തിനാണ് എന്ന കോടതിയുടെ ചോദ്യത്തിന്, കോടതി ആയതുകൊണ്ട് ഒന്നും പറയുന്നില്ലെന്ന് എ.കെ. ശശീന്ദ്രൻ പറഞ്ഞു. കേരളത്തിന്റെ തനിമയാണ് ആന എഴുന്നള്ളിപ്പ്. ഇത് കാണാൻ കൂടിയാണ് വിനോദ സഞ്ചാരികൾ വരുന്നത്. കാട്ടിലെ മരവും തേവരുടെ ആനയും എന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണെങ്കിൽ വിവാഹം എന്തിനാണിത്ര ചടങ്ങുകളോടെ നടത്തുന്നതെന്നും വനം വകുപ്പ് മന്ത്രി ചോദിച്ചു.
ആനകളുടെ സുരക്ഷയ്ക്കായി ഉടമകൾ നിലപാടുകൾ സ്വീകരിക്കണം. ഏതാനും ദിവസം മുൻപാണ് കോടതി ചില നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. സമാനമായ നിയമം സംസ്ഥാന സർക്കാർ പുറത്തിറക്കിയിരുന്നു. ആ നിയമങ്ങൾ വിമർശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. പൂരവുമായി ബന്ധപ്പെട്ട് അവ വിവാദമായി എന്നും മന്ത്രി പറഞ്ഞു. ആനകളെ എഴുന്നള്ളിക്കാൻ ക്ഷേത്രങ്ങൾക്ക് പ്രത്യേക നിയമങ്ങളുണ്ട്. പലരും ഇന്നും അതൊന്നും പാലിക്കുന്നില്ലെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു. വിശ്രമരഹിതമായി ആനകളെ കൊണ്ട് പണിയെടുപ്പിക്കുന്നു. ആനകളുടെ സുരക്ഷിതത്വത്തിനായി ഉടമകൾ നിലപാടുകൾ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട വിധിയിൽ ആവശ്യമെങ്കിൽ അപ്പീലിന് പോകുമെന്ന് വനം മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. തൃശൂർ പൂരം ഉൾപ്പടെയുള്ള ഉത്സവങ്ങൾ പരമ്പരാഗതമായ രീതിയിൽ തടസമില്ലാതെ നടത്തുന്നതിനാവശ്യമായ നടപടികളാണ് വേണ്ടത്. ജനങ്ങളുടെ സുരക്ഷയും, എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന ആനകളുടെ സുരക്ഷയും ഉറപ്പുവരുത്തണം. പ്രായോഗിക വശങ്ങൾ പഠിച്ച ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക എന്നുമാണ് മന്ത്രി നേരത്തെ പറഞ്ഞത്.
ഒക്ടോബർ 26 നാണ് ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ ഹൈക്കോടതി അതിരൂക്ഷ വിമര്‍ശനമുന്നയിച്ചത്. എഴുന്നള്ളത്തിന് കരയിലെ ഏറ്റവും വലിയ ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയെന്ന് കോടതി വിമര്‍ശിച്ചിരുന്നു. തുടർന്ന് ആന എഴുന്നള്ളിപ്പിന് കർശന നിർദേശങ്ങളടങ്ങുന്ന മാർഗരേഖയും കോടതി പുറത്തിറക്കി. ബന്ധപ്പെട്ട ജില്ലാതല സമിതിയുടെ അനുമതി വാങ്ങി വേണം ഇനിമുതല്‍ ആന എഴുന്നള്ളിപ്പ് നടത്താന്‍. ഇതിനായി ഒരു മാസം മുൻപ് അപേക്ഷ സമർപ്പിക്കണം. ആനകൾക്ക് വിശ്രമം, ഭക്ഷണം തുടങ്ങിയവ ഉറപ്പാക്കണമെന്നും കോടതി നിർദേശം നൽകിയിരുന്നു.
ആനയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച ഫിറ്റ്നസ്, ഹെൽത്ത് സർട്ടിഫിക്കറ്റ് എന്നിവ ഉറപ്പാക്കണം. രണ്ട് എഴുന്നള്ളത്തുകൾക്കിടയിൽ മതിയായ വിശ്രമം ആനകൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. താൽക്കാലികമായ വിശ്രമ സ്ഥലം വൃത്തിയുള്ളതായിരിക്കണം. ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സംഘാടകർ കമ്മിറ്റിയെ ബോധിപ്പിക്കണം. ദിവസം 30 കി.മീ കൂടുതൽ ആനകളെ നടത്തിക്കരുത്. ആനയും തീ സംബന്ധമായ കാര്യങ്ങളും തമ്മിൽ 5 മീറ്റർ ദൂര പരിധിയുണ്ടാകണം. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. അതേസമയം, ഹൈക്കോടതിയുടെ മാർഗ നിർദേശങ്ങൾക്കെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.