"മുഖ്യമന്ത്രിയുടെ നിലപാടിനെ എതിർക്കാൻ താത്പര്യമില്ല"; രാജിവെക്കില്ലെന്ന സൂചന നൽകി എ.കെ. ശശീന്ദ്രൻ

എൻസിപിയിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്ന തരത്തിലുള്ള തർക്കങ്ങളില്ലെന്നാണ് എ.കെ. ശശീന്ദ്രൻ്റെ വാദം
"മുഖ്യമന്ത്രിയുടെ നിലപാടിനെ എതിർക്കാൻ താത്പര്യമില്ല"; രാജിവെക്കില്ലെന്ന സൂചന നൽകി എ.കെ. ശശീന്ദ്രൻ
Published on


എൻസിപി മന്ത്രി തർക്കത്തിൽ തുറന്നടിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ. തോമസ് കെ. തോമസിനെ മന്ത്രിയാക്കുന്നതിന് എതിരല്ലെന്ന് എ.കെ. ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. തോമസ് കെ. തോമസിന് മന്ത്രിസ്ഥാനം കൈമാറാൻ തൻ്റെ രാജി ഒരു തടസ്സമാകില്ല. എന്നാൽ രാജിയിൽ മുഖ്യമന്ത്രി വിയോജിപ്പ് അറിയിച്ചെന്ന് എ.കെ. ശശീന്ദ്രൻ ചൂണ്ടിക്കാട്ടി.

എൻസിപിയിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്ന തരത്തിലുള്ള തർക്കങ്ങളില്ലെന്നാണ് എ.കെ. ശശീന്ദ്രൻ്റെ വാദം. തോമസ് കെ.തോമസ് മന്ത്രിയാവുന്നതിന് എതിരല്ല. കേന്ദ്ര നേതൃത്വത്തിന് താൻ രാജിവെക്കണമെന്ന് തീരുമാനമുണ്ടെങ്കിൽ അത് നടപ്പിലാക്കണമെന്ന് എ.കെ. ശശീന്ദ്രൻ പറയുന്നു. പക്ഷേ വിഷയത്തിൽ ചില തടസ്സങ്ങളുണ്ട്. മുഖ്യമന്ത്രി രാജിയിൽ വിയോജിപ്പ് അറിയിച്ച സാഹചര്യത്തിൽ, പാർട്ടിക്ക് മന്ത്രി സഭയിൽ പ്രാതിനിധ്യമില്ലാതാവുമോ എന്ന പേടിയുണ്ട്. മുഖ്യമന്ത്രിയുടെ അതൃപ്തി പരിഗണിക്കാതെ രാജി വെക്കുകയാണെങ്കിൽ, മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിക്കുന്ന നിലപാടാവും, അതിൽ താൽപര്യമില്ല. മന്ത്രിസഭയിൽ എൻസിപി പ്രാതിനിധ്യം ഇല്ലാതാവരുതെന്നതാണ് ആത്യന്തിക ലക്ഷ്യമെന്നും ശശീന്ദ്രൻ വ്യക്തമാക്കി.


അതേസമയം തോമസ് കെ. തോമസ് ശരദ് പവാറിനെ കാണുന്നതിൽ യാതൊരു വിധ ചട്ടലംഘനവുമില്ലെന്ന് എ.കെ. ശശീന്ദ്രൻ പറയുന്നു. പാർട്ടിയുടെ പാർലമെൻ്ററി നേതാവാണ് തോമസ് കെ. തോമസ്. അദ്ദേഹത്തിന് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്താം. അതൊരു സ്വകാര്യ ചർച്ചയാണ്, അവിടെ എന്ത് പറഞ്ഞെന്നത് അറിയില്ല. ദേശീയ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിലെ വിവരങ്ങൾ മുഖ്യമന്ത്രിയുമായി പങ്കുവെക്കും. അതിനാൽ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, തോമസ് കെ. തോമസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിൽ അസ്വഭാവികമായി ഒന്നുമില്ലെന്നും എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി.

മന്ത്രിസ്ഥാനം രാജിവയ്ക്കാൻ എ.കെ. ശശീന്ദ്രന് എൻസിപി സംസ്ഥാന നേതൃത്വം വ്യാഴാഴ്ച വരെ സമയം നൽകിയിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം ശരദ് പവാറിനെ കണ്ട എൻസിപി എംഎൽഎ തോമസ് കെ. തോമസ്, കൂടിക്കാഴ്ചയിലെ തൻ്റെ അതൃപ്തി അറിയിച്ചിരുന്നു. ശരദ് പവാറുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൂടിക്കാഴ്ചയ്ക്ക് നിൽക്കാതെ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് തോമസ് കെ. തോമസ്. മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com