പാരയായി പരിക്ക്; അല്‍ ഹിലാൽ വിട്ട് നെയ്മർ ബ്രസീലിലേക്ക് മടങ്ങുന്നു

കരാർ റദ്ദാക്കാൻ ക്ലബ്ബും നെയ്മറും തമ്മിൽ ധാരണയായെന്നും താരത്തിൻ്റെ ഭാവി കരിയറിന് ആശംസകൾ നേരുന്നുവെന്നും അൽ ഹിലാൽ ഒഫീഷ്യൽ പേജിലൂടെ അറിയിച്ചു
പാരയായി പരിക്ക്; അല്‍ ഹിലാൽ വിട്ട് നെയ്മർ ബ്രസീലിലേക്ക് മടങ്ങുന്നു
Published on


ബ്രസീലിയൻ സ്ട്രൈക്കർ നെയ്മർ ജൂനിയർ സൗദി പ്രോ ലീഗ് ക്ലബ് അല്‍ ഹിലാൽ വിട്ടു. താരവുമായുള്ള കരാർ അൽ ഹിലാൽ റദ്ദാക്കിയെന്നും നെയ്മര്‍ പഴയ ബ്രസീലിയൻ ക്ലബ്ബായ സാന്‍റോസിലേക്ക് തിരികെ പോകുമെന്നുമാണ് പുതിയ വിവരം. 2023ലാണ് നെയ്മർ ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിൽ നിന്ന് അൽ ഹിലാലിലേക്ക് വന്നത്.



കരാർ റദ്ദാക്കാൻ ക്ലബ്ബും നെയ്മറും തമ്മിൽ ധാരണയായെന്നും താരത്തിൻ്റെ ഭാവി കരിയറിന് ആശംസകൾ നേരുന്നുവെന്നും അൽ ഹിലാൽ ഒഫീഷ്യൽ പേജിലൂടെ അറിയിച്ചു. നേരത്തെ ക്ലബ്ബ് വിടാൻ താരം സന്നദ്ധതയറിയിച്ച് ക്ലബ്ബിനെ സമീപിച്ചിരുന്നു. 220 മില്യണ്‍ ഡോളറിന് രണ്ട് വര്‍ഷ കരാറിലാണ് താരം അൽ ഹിലാലിലെത്തിയത്. എന്നാൽ പരിക്കു മൂലം 18 മാസങ്ങൾക്കിടയിൽ ഏഴ് മത്സരങ്ങളിൽ മാത്രമാണ് നെയ്മർ അൽ ഹിലാലിനായി കളിച്ചത്. ഇതിൽ ഒരു ​ഗോളും മൂന്ന് അസിസ്റ്റുകളും ഉൾപ്പെടുന്നു. പരിക്കിൽ നിന്ന് മോചിതനാകാൻ സമയം ആവശ്യമുള്ളതിനാലാണ് നിലവിലെ ചാംപ്യന്മാരായ അൽ ഹിലാൽ നെയ്മറിനെ ഒഴിവാക്കുന്നത്.

2003ൽ 11-ാം വയസിൽ സാന്റോസ് അക്കാദമിയിലാണ് നെയ്മറിന്റെ ഫുട്ബോൾ ജീവിതത്തിൻ്റെ തുടക്കം. 2009ൽ 17-ാം വയസിൽ സാന്റോസിന്റെ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചു. 225 മത്സരങ്ങളിൽ നിന്നായി 136 ​ഗോളുകളാണ് സാന്റോസിനായി ബ്രസീലിൻ്റെ വണ്ടർ കിഡ് നേടിയത്. ഇതോടെ 2011ൽ ബ്രസീലിന്റെ ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കാനും നെയ്മറിന് കഴിഞ്ഞു. 2013ലെ കോൺഫെഡറേഷൻ കപ്പ്, 2016ലെ റിയോ ഒളിംപിക്സിലെ സ്വർണ മെഡൽ നേട്ടം എന്നിവയാണ് ബ്രസീലിനൊപ്പം നെയ്മറിൻ്റെ പ്രധാന നേട്ടങ്ങൾ. 124 മത്സരങ്ങളിൽ നിന്നായി 77 ​ഗോളുകളും താരം നേടി. ദേശീയ ടീമിലേയും സാന്റോസിനും ഒപ്പമുള്ള തകർപ്പൻ പ്രകടനം 2013ൽ നെയ്മറിനെ ബാഴ്സലോണയിലെത്തിച്ചു.

ലയണൽ മെസി, ലൂയിസ് സുവാരസ് എന്നിവർക്കൊപ്പം നെയ്മറും കൂടിയെത്തിയതോടെ ക്ലബ്ബിൻ്റെ സുവർണകാലമെന്നാണ് അതിൻ്റെ ആരാധകർ വാഴ്ത്തിയത്. ബാഴ്സലോണയ്ക്ക് വേണ്ടി 186 മത്സരങ്ങളിൽ നിന്നായി 105 ​ഗോളുകളാണ് നെയ്മർ നേടിയത്. 2015ലെ ബാഴ്സയ്ക്കൊപ്പം ചാംപ്യൻസ് ലീ​ഗ് ഉൾപ്പടെയുള്ള കിരീട
നേട്ടങ്ങളും സ്വന്തമാക്കി.



2017ലാണ് നെയ്മറിനെ 222 മില്യൺ യൂറോയ്ക്ക് ഫ്രഞ്ച് ക്ലബ് പിഎസ്‌ജി സ്വന്തമാക്കിയത്. 173 മത്സരങ്ങൾ ഫ്രഞ്ച് ക്ലബിനായി കളിച്ചിട്ടുണ്ട്. 2020 മുതൽ നെയ്മറിനെ പരിക്ക് വിടാതെ പിന്തുടരുന്നുണ്ട്. 2026 ലോകകപ്പിൽ ബ്രസീലിനായി കളിക്കുമെന്ന് താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com