ഐഎസ്എല്ലിലെ വയനാടന്‍ സാന്നിധ്യം; കൊമ്പു കോര്‍ക്കാന്‍ മലയാളി സഹോദരങ്ങള്‍

അടുത്ത തവണ ഹൈദരാബാദും ഗോവയും ഏറ്റുമുട്ടുമ്പോള്‍ ഇരുവരും പരസ്പരം മത്സരിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് കുടുംബം
ഐഎസ്എല്ലിലെ വയനാടന്‍ സാന്നിധ്യം; കൊമ്പു കോര്‍ക്കാന്‍ മലയാളി സഹോദരങ്ങള്‍
Published on

ഇന്ത്യന്‍ ഫുട്‌ബോളില്‍ വയനാടിന്റെ മേല്‍വിലാസമാവുകയാണ് മീനങ്ങാടിയില്‍ നിന്നുള്ള രണ്ട് സഹോദരങ്ങള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് ഹൈദരാബാദ് എഫ്‌സിയുടെ നായകന്‍ അലക്‌സ് സജിയും എഫ് സി ഗോവ താരം അലന്‍ സജിയുമാണ് വയനാടിന്റെ അഭിമാനമായി മാറിയിരിക്കുന്നത്. കളിച്ച ആദ്യ സീസണില്‍ തന്നെ ഗോവയുടെ കൂടെ സൂപ്പര്‍ കപ്പ് കിരീടം നേടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അലന്‍. ഹൈദരാബാദ് നായകനായ അലക്‌സ് സജി ഗോകുലത്തിന്റെ കൂടെ രണ്ട് തവണ ഐ ലീഗും ഡ്യൂറണ്ട് കപ്പും നേടിയിട്ടുണ്ട്. അടുത്ത ഐഎസ്എല്‍ സീസണിനായി കാത്തിരിക്കുകയാണ് ഇരുവരും.

അലക്‌സ് സജി, ഐഎസ്എല്‍ മുന്‍ ചാമ്പ്യന്‍മാരായ ഹൈദരാബാദിന്റെ നായകനാണ്. ആദ്യമായാണ് ഒരു മലയാളി ഐഎസ്എല്‍ ക്ലബ്ബിന്റെ നായകനാകുന്നത്. ഹൈദരാബാദിന്റെ പ്രതിരോധത്തിലെ കുന്തമുനയായ അലക്‌സ് സ്വപ്നം കാണുന്നത് ഇന്ത്യന്‍ കുപ്പായമാണ്.

അലക്‌സ് സജിയുടെ ഫുട്‌ബോള്‍ കരിയറിന്റെ തുടക്കം മീനങ്ങാടിയിലെ അക്കാദമിയിലൂടെയാണ്. ആവേശം നിറഞ്ഞ ഗാലറി അലക്സിനെ പിന്നെ കണ്ടത് വയനാട് ജില്ലാ ടീമില്‍ കളിച്ചപ്പോഴാണ്. തൃശൂരിലെ റെഡ് സ്റ്റാര്‍ ഫുട്‌ബോള്‍ അക്കാദമി ആയിരുന്നു മറ്റൊരു വഴിത്തിരിവ്. കേരള ബ്ലാസ്‌റേഴ്സിന്റെ അണ്ടര്‍ 16, 18 യും അധികം വൈകാതെ സന്തോഷ് ട്രോഫിയും അഭിമാനത്തോടെ കളിച്ച പയ്യന്‍ പിന്നീട് ഗോകുലം കേരളയുടെ ഭാഗമായി. ഗോകുലത്തിന്റെ ഹൃദയത്തില്‍ ചാര്‍ത്തിയ രണ്ട് ഐ ലീഗ് കിരീടവും, ഡ്യൂറണ്ട് കപ്പിലും അലക്സിന്റെ പങ്ക് വലുതാണ്. കഴിഞ്ഞ സീസണില്‍ ഹൈദരാബാദിന്റെ ക്യാപ്റ്റനുമായി.

ജേഷ്ഠന്റെ പാത പിന്തുടര്‍ന്നാണ് അനിയന്‍ അലന്‍ സജിയും ഫുട്‌ബോളിലേക്കെത്തുന്നത്. മീനങ്ങാടി അക്കാദമിയില്‍ നിന്ന് കളിച്ച് വളര്‍ന്ന ശേഷം റിലയന്‍സിന്റെ അക്കാദമിയിലേക്ക് തെരഞ്ഞെടുത്തു. ആറ് വര്‍ഷത്തിന് ശേഷമാണ് എഫ്‌സി ഗോവയിലേക്ക് മാറിയത്. മുന്നേറ്റ താരമായ അലന് ഐഎസ്എല്ലിന് മുന്നോടിയായി പറ്റിയ പരിക്ക് മൂലം സീസണ്‍ മുഴുവന്‍ നഷ്ടമായി. സൂപ്പര്‍ കപ്പിന് മുമ്പ് മാത്രമാണ് ടീമില്‍ തിരിച്ചെത്താന്‍ കഴിഞ്ഞത്.

ഫുട്‌ബോളിലേക്ക് ഇരുവരെയും കൈ പിടിച്ചുയര്‍ത്തിയത് മുന്‍ കായിക താരം കൂടിയായ പിതാവ് സജി ചാക്കോയാണ്. തന്നെക്കൊണ്ട് കഴിയാതെ പോയത് മക്കളിലൂടെ നേടിയെടുക്കണമെന്ന ആഗ്രഹമാണ് ഇദ്ദേഹം സാധ്യമാക്കിയത്.

ഫുട്‌ബോള്‍ കളിച്ചതിന് വഴക്ക് പറഞ്ഞിരുന്ന അമ്മ സാന്ദ്രക്കും മക്കളുടെ നേട്ടത്തില്‍ ഏറെ അഭിമാനമാണ്. അലന്‍ സജിയുടെ പരിക്കാണ് അമ്മയെ ഏറെ വേദനിപ്പിച്ചത്. മക്കളുടെ ഫുട്‌ബോള്‍ കളി തുടങ്ങിയാല്‍ ഇരുവരും കളി കാണാന്‍ ഇരിക്കും. ഇടയ്ക്ക് മത്സരം നേരിട്ട് കാണാനും പോകാറുണ്ട്. അടുത്ത തവണ ഹൈദരാബാദും ഗോവയും ഏറ്റുമുട്ടുമ്പോള്‍ ഇരുവരും പരസ്പരം മത്സരിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് കുടുംബം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com