ആലപ്പുഴ വാഹനപകടം: "വാഹനം നൽകിയത് വാടകയ്ക്കല്ല, മുഹമ്മദ് ജബ്ബാറുമായുള്ള പരിചയത്തിൻ്റെ പേരിൽ" ; വാഹന ഉടമ ഷാമിൽ ഖാൻ

സിനിമയ്ക്ക് പോകാനെന്ന് പറഞ്ഞാണ് കുട്ടികൾ വാഹനം ചോദിച്ചതെന്നും ഷാമിൽ ഖാൻ പറഞ്ഞു
ആലപ്പുഴ വാഹനപകടം: "വാഹനം നൽകിയത് വാടകയ്ക്കല്ല, മുഹമ്മദ് ജബ്ബാറുമായുള്ള പരിചയത്തിൻ്റെ പേരിൽ" ; വാഹന ഉടമ ഷാമിൽ ഖാൻ
Published on


ആലപ്പുഴ കളർകോട് അപകടത്തിൽപ്പെട്ട വാഹനം വാടകയ്ക്ക് നൽകിയതല്ലെന്ന് കാറുടമ ഷാമിൽ ഖാൻ. കണ്ണൂര്‍ വേങ്ങര സ്വദേശിയായ വിദ്യാർഥി മുഹമ്മദ് അബ്ദുള്‍ ജബ്ബാറുമായുള്ള പരിചയത്തിൻ്റെ പേരിലാണ് വാഹനം നൽകിയതെന്ന് ഷാമിൽ ഖാൻ പറയുന്നു. സിനിമയ്ക്ക് പോകാനെന്ന് പറഞ്ഞാണ് കുട്ടികൾ വാഹനം ചോദിച്ചതെന്നും ഷാമിൽ ഖാൻ പറഞ്ഞു.

ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ വാഹനം വാടകയ്ക്ക് ചോദിച്ചത്. മുഹമ്മദ് ജബ്ബാറിനെ ഒരു മാസമായി അറിയാം. അവധിയായതിനാൽ ആറു പേർക്ക് സിനിമയ്ക്ക് പോകാനാണ് എന്നു പറഞ്ഞായിരുന്നു വാഹനം ചോദിച്ചത്. സെക്കൻ്റ് ഷോ കഴിഞ്ഞയുടൻ വാഹനം തിരികെ ഏൽപ്പിക്കാമെന്നും മുഹമ്മദ് ജബ്ബാർ പറഞ്ഞതായി ഷാമിൽ ഖാൻ വ്യക്തമാക്കി.

വിദ്യാർഥികളായതിനാൽ തന്നെ വാഹനം കൊടുക്കാൻ മടിയുണ്ടായിരുന്നു. എന്നാൽ മുഹമ്മദ് ജബ്ബാർ സഹോദരനെക്കൊണ്ട് വിളിപ്പിച്ചു. മുഹമ്മദ് ജബ്ബാറിന് ലൈസൻസുണ്ടെന്നും, വീട്ടിലുൾപ്പെടെ കാറോടിക്കാറുണ്ടെന്നും സഹോദരൻ ഉറപ്പ് തന്ന ശേഷമാണ് വാഹനം നൽകിയതെന്നും കാറുടമ ഷാമിൽ ഖാൻ പറഞ്ഞു.



വാഹനപകടത്തിന് കാരണം വിദ്യാർഥികൾ സഞ്ചരിച്ച കാർ മഴയത്ത് തെന്നിമാറിയതാകാമെന്ന നിഗമനത്തിലാണ് ആർടിഒ. മഴ കാരണം കാഴ്ച മങ്ങിയതും അപകടത്തിലേക്ക് നയിച്ചു. കാറിൽ പതിനൊന്ന് പേർ ഇടുങ്ങിയിരുന്നത് അപകടത്തിൻ്റെ ആഘാതം കൂട്ടിയെന്നും ആർടിഒ വ്യക്തമാക്കി.

വിദ്യാർഥികൾക്ക് അനധികൃതമായാണ് വാഹനം നൽകിയതെന്നാണ് സംശയവും ആർടിഒ ഉന്നയിച്ചിരുന്നു. അപകടത്തിൽപ്പെട്ട കാറിന് ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനമില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. കാർ 14 വർഷം പഴക്കമുള്ളതാണെന്നും കാറിന് എയർ ബാഗ് ഇല്ലായിരുന്നുവെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.

അതേസമയം, വാഹനാപകടത്തിൽ പരുക്കേറ്റ മൂന്ന് വിദ്യാർഥികളിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മറ്റ് രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ടെന്നും വീണാ ജോർജ് വ്യക്തമാക്കി.



ദേശീയപാതയിൽ കളർകോട് ചങ്ങനാശ്ശേരി മുക്കിന് സമീപം ഇന്നലെ രാത്രി ഒൻപത് ഇരുപതിനായിരുന്നു ദാരുണാപകടം ഉണ്ടായത്. ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞ് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ഏതാണ്ട് പൂർണമായും ബസിനടിയിലായി. കാർ വെട്ടിപ്പൊളിച്ച് അര മണിക്കൂറോളം സമയമെടുത്താണ് കുട്ടികളെ പുറത്തെടുത്തത്. മൂന്ന് പേർ തൽക്ഷണം മരിച്ചിരുന്നു. രണ്ടുപേർക്ക് ആശുപത്രിയിലേക്കുള്ള വഴിയിലും ജീവൻ നഷ്ടമായി.

മലപ്പുറം സ്വദേശി ദേവാനന്ദൻ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ് വൽസൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൾ ജബ്ബാർ എന്നിവരാണ് മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന കൃഷ്ണദേവ്, ആനന്ദ്, ആൽവിൻ, മുഹ്‌സിൻ, ഗൗരി ശങ്കർ എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com