ആലപ്പുഴ വാഹനാപകടം: കാർ നൽകിയത് വാടകയ്ക്ക് തന്നെ; വാഹനമോടിച്ച വിദ്യാർഥിയെയും പ്രതി ചേർക്കും

ആശുപത്രിയിൽ നിന്നും പൊലീസിന് നൽകിയ മൊഴിയിലാണ് വാഹനഉടമ ഷാമിൽ ഖാന് പണം നൽകിയതായി ഗൗരീശങ്കർ വ്യക്തമാക്കിയത്
ആലപ്പുഴ വാഹനാപകടം: കാർ നൽകിയത് വാടകയ്ക്ക് തന്നെ; വാഹനമോടിച്ച വിദ്യാർഥിയെയും പ്രതി ചേർക്കും
Published on

ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ കാർ ഓടിച്ച മെഡിക്കൽ വിദ്യാർഥിയെയും പൊലീസ് പ്രതി ചേർക്കും. കാറോടിച്ച വിദ്യാർഥിയെ പ്രതി ചേർക്കണമെന്ന പൊലീസ് റിപ്പോർട്ട് കോടതി ശരിവെച്ചു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആദ്യം കെഎസ്ആർടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർഥികൾ സഞ്ചരിച്ച ടവേര കാറോടിച്ച ഗൗരിശങ്കറെ പ്രതി ചേർക്കുന്നത്. അതേസമയം വാഹനയുടമ ഷാമിൽ ഖാൻ കാർ വാടകയ്ക്ക് തന്നെയാണ് നൽകിയതെന്നാണ് ഗൗരീശങ്കറിൻ്റെ മൊഴി. ഇതിൻ്റെ അടിസ്ഥാനത്തിൽ ഷാമിൽ ഖാനെതിരെ മോട്ടോർ വാഹനവകുപ്പ് നടപടിയെടുക്കും.


അപകടത്തിൽ പരുക്കേറ്റ ഗൗരീശങ്കർ ചികിത്സയിലാണ്. ആശുപത്രിയിൽ നിന്നും പൊലീസിന് നൽകിയ മൊഴിയിലാണ് വാഹനയുടമ ഷാമിൽ ഖാന് പണം നൽകിയതായി ഗൗരീശങ്കർ വ്യക്തമാക്കിയത്. യുപിഐ വഴി ഷാമിൽ ഖാന് 1000 രൂപ നൽകിയിരുന്നു. എന്നാൽ ഷാമിൽ ഖാന് റെൻ്റ് ക്യാബ് ലൈസൻസ് ഇല്ല. അതിനാൽ വാഹനത്തിൻ്റെ ആർസി ബുക്ക് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഷാമിൽഖാൻ്റെ മറ്റ് വാഹനങ്ങളുടെ വിവരങ്ങൾ പരിശോധിക്കുമെന്നും എംവിഡി അറിയിച്ചു.

വാഹനം വാടകയ്ക്ക് നൽകുന്നതിന് മുൻപായി ഷാമിൽ ഖാൻ വിദ്യാർഥിയിൽ നിന്ന് ലൈസൻസ് വാങ്ങിയിരുന്നെന്ന് ആലപ്പുഴ ആർടിഒ ദിലു എം.കെ. ന്യൂസ് മലയാളത്തോട് പറഞ്ഞു. വാഹന ഉടമയ്ക്കെതിരെ അനധികൃതമായി വാഹനം നൽകുന്നെന്ന വേറെയും പരാതികളുണ്ടെന്ന് ആർടിഒ പറയുന്നു. വാഹന ഉടമയ്ക്കെതിരെ പ്രൊസിക്യൂഷൻ നടപടി ഉണ്ടാകുമെന്നും, കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും ആർടിഒ വ്യക്തമാക്കി.

മോട്ടോർ വാഹനവകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം നാല് കാര്യങ്ങളാണ് അപകടത്തിന് കാരണമായത്. മഴ മൂലം റോഡിൽ വെള്ളത്തിൻ്റെ സാന്നിധ്യമുണ്ടായതും, വെളിച്ചക്കുറവും അപകടത്തിന് കാരണമായി. ഏഴ് പേർ യാത്ര ചെയ്യേണ്ട ടവേര വാഹനത്തിൽ 11 പേർ കയറിയത് അപകടത്തിൻ്റെ ആഘാതം കൂട്ടി. ടവേര വാഹനം ഓടിച്ച ഗൗരീ ശങ്കറിന് അഞ്ച് മാസം മാത്രമാണ് ഡ്രൈവിങ് പരിചയം. വാഹനം തെന്നിയപ്പോൾ നിയന്ത്രണത്തിലാക്കാൻ ഡ്രൈവർക്ക് കഴിഞ്ഞില്ല.

വാഹനത്തിന്‍റെ കാലപഴക്കമാണ് മറ്റൊരു കാരണം. അപകടത്തില്‍പ്പെട്ട ടവേരയ്ക്ക് 14 വർഷം പഴക്കമുണ്ട്. സുരക്ഷ സംവിധാനങ്ങളായ ആൻ്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ എന്നിവ ഇല്ലാത്തതിനാൽ വാഹനം ബ്രേക്ക് ചെയ്തപ്പോൾ തെന്നി നീങ്ങിയത് നിയന്ത്രിക്കാനായില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.


കഴിഞ്ഞ തിങ്കളാഴ്ചയാണ് കേരളത്തെ നടുക്കിയ വാഹനാപകടം നടന്നത്. അപകടത്തിൽ 19 വയസ് മാത്രം പ്രായമുള്ള അഞ്ച് ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികൾക്ക് ജീവൻ നഷ്ടമായി. പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ പരുക്കേറ്റ മൂന്ന് പേരുടെ നില അതീവഗുരുതരമാണ്. ഗുരുതരസ്ഥാവയിലുള്ള മൂന്ന് പേരും വണ്ടാനം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലാണ്. അപകടത്തിൽ കെഎസ്ആർടിസി ബസ് യാത്രക്കാർക്ക് കാര്യമായി പരുക്കേറ്റിട്ടില്ല.

ആലപ്പുഴയിൽ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലേക്ക് വണ്ടാനത്തു നിന്ന് വൈറ്റിലയിലേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് എത്തിച്ചത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com