ആലപ്പുഴ ചേർത്തലയിൽ അർബുദം തകർത്ത രാജപ്പൻ്റെ കുടുംബം അതിജീവനത്തിൻ്റെ പാതയിൽ

കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി സുരേഷ് ഗോപി വീടിൻ്റെ കടം അടച്ചു തീർത്ത് ആധാരം കൈമാറിയിരുന്നു
ആലപ്പുഴ ചേർത്തലയിൽ അർബുദം തകർത്ത രാജപ്പൻ്റെ കുടുംബം അതിജീവനത്തിൻ്റെ പാതയിൽ
Published on

ഒന്നിന് പുറകെ ഒന്നായി ദുരന്തങ്ങൾ ബാധിച്ചതോടെ ഒരിക്കൽ കുടുംബത്തോടെ ജീവനൊടുക്കാൻ തീരുമാനിച്ചു. എന്നിട്ടും പിടിച്ചു നിന്ന കുടുംബം ഇപ്പോഴും അതിജീവനത്തിനുള്ള ശ്രമത്തിലാണ്. ഇളയ കുട്ടിയുടെ ബോൺമാരോ ചികിത്സ കൂടി എങ്ങനെ എങ്കിലും നടത്താനുള്ള ശ്രമത്തിലാണ് ആലപ്പുഴ ചേർത്തല സ്വദേശി രാജപ്പനും കുടുംബവും.

മലദ്വാരത്തിൽ അർബുദം ബാധിച്ച് 2017 ൽ മകൾ രശ്മി മരിച്ചത്തോടെ തകർന്നതാണ് ചേർത്തല താലൂക്കിലെ പെരുമ്പളം പഞ്ചായത്തിൽ പുത്തുവൽ നിക്കർത്ത് വീട്ടിൽ രാജപ്പൻ്റെ കുടുംബം. 2 പിഞ്ചു പെൺമക്കളിൽ ഒരാൾ പോയതോടെ കുടുംബം മാനസികമായി തകർന്നു. മുന്നിൽ ഇനി എന്ത് എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെയായതോടെ കുടുംബത്തോടെ അത്മഹത്യ ചെയ്താലോ എന്നുവരെ ചിന്തിച്ചു. അത്രത്തോളം വേദന അനുഭവിച്ചാണ് മകൾ രശ്മി പോയത്.

മകളുടെ ചികിത്സയ്ക്കായി സ്വർണവും മറ്റു സമ്പാദ്യവും എല്ലാം വിറ്റു. ബാക്കി ഉണ്ടായിരുന്ന വീടും പണയപ്പെടുത്തി. എന്നാൽ മകളുടെ മരണത്തിൻ്റെ ദുഃഖം മാറും മുൻപാണ് അടുത്ത ദുരന്തം ഇവരെ തേടിയെത്തിയത്. രാജപ്പൻ്റെ ഭാര്യ മിനിക്ക് സ്‌തനാർബുദം സ്ഥിരീകരിച്ചു. തിരുവനന്തപുരം ആർസിസിയിലും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് അശുപത്രിയിലും ചികിത്സ നടക്കുന്നതിന് ഇടയിൽ അടുത്ത പ്രതിസന്ധി കൂടി മുന്നിലെത്തി. മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന 9 വയസുകാരിയായ ഇളയ കുട്ടി ആരഭിക്ക്‌ നട്ടെല്ലിൽ അർബുദം കണ്ടെത്തി.

ALSO READ: ഏഴര വര്‍ഷം നീണ്ട വിചാരണ; ഒടുവില്‍ വിധി പറയാനിരിക്കെ ഒന്നാം പ്രതിക്ക് ജാമ്യം


നാട്ടുകാരുടെ കാരുണ്യത്തിലാണ് ഇരുവരുടെയും ചികിത്സകൾ ഇതുവരെ നടത്തിയത്. മിനിയുടെ ഓപ്പറേഷനും കീമോ തെറാപ്പി ചികിത്സയും കഴിഞ്ഞെങ്കിലും മരുന്നുകൾക്കായി മാസം നല്ലൊരു തുക വേണം. ഇതിന് പുറമെയാണ് ആരഭിയുടെ ചികിത്സചെലവുകളും. മത്സ്യതൊഴിലാളിയായ രാജപ്പൻ്റെ തുച്ഛമായ വരുമാനം മാത്രമാണ് കുടംബത്തിൻ്റെ ആശ്രയം. മുൻപ് ദിവസവും 500 രൂപ മുടക്കി ആരഭിക്ക്‌ സ്പീച് തെറാപ്പി ചെയ്തിരുന്നു. എന്നാൽ നട്ടെല്ലിന് അർബുദം സ്ഥിരീകരിച്ചതോടെ ചിലവ് ഇരട്ടിച്ചു. ഇപ്പോൾ സ്പീച് തെറാപ്പി നിർത്തി വച്ചിരിക്കുകയാണ്.

അർബുദം സ്ഥിരീകരിച്ചതോടെ ആരഭി ഒരു വർഷമായി സ്കൂളിലും പോകുന്നില്ല. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആരഭിയുടെ ചികിത്സകൾ നടത്തുന്നത്. ഇനി ബോൺ മാരോ ചികിത്സ കൂടി പൂർത്തിയാക്കണം. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്ക്‌ വേണ്ടിയും വലിയ ചെലവ് ഉണ്ട്. മാത്രമല്ല ആരഭിക്ക്‌ മജ്ജ ദാനം ചെയ്യാനുള്ള ദാതാവിനെ കൂടി ലഭിക്കണം. തകര ഷീറ്റിട്ട ചെറിയ വീട്ടിലാണ് കുടുംബം കഴിയുന്നത്. ഇതിനിടെ രാജപ്പൻ്റെ ഉപജീവന മാർഗമായ മത്സ്യബന്ധത്തിന് ഉപയോഗിക്കുന്ന വല ആരോ മോഷ്ടിക്കുകയും ചെയ്‌തതോടെ കുടുംബം ഏറെ ബുദ്ധിമുട്ടിലായി.

മകളുടെ ചികിത്സയ്ക്കായി എടുത്ത ലോൺ അടവ് മുടങ്ങിയതോടെ വീട് ജപ്തിവരെ എത്തിയിരുന്നു. കുടുംബത്തിൻ്റെ അവസ്ഥ അറിഞ്ഞതോടെ കുറച്ചു പണം ബാങ്ക് ഇളവ് നൽകിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീടിൻ്റെ കടം അടച്ചു തീർത്ത് ആധാരം കൈമാറിയിരുന്നു. ഇനി തീരാനുള്ളത് ആരഭിയുടെ ശസ്‌ത്രക്രിയയാണ്. അതുകൂടി കഴിഞ്ഞാൽ പിന്നെ ഈ കുടുംബം വർഷങ്ങളായി അനുഭവിച്ചു വന്നിരുന്ന ദുരിതങ്ങൾക്ക്‌ കുറച്ചെങ്കിലും അറുതിയാകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com