
കുറുവ സംഘമെന്ന് സംശയിക്കുന്ന മോഷണ സംഘം ആലപ്പുഴയില്‍ ഭീതി പടര്‍ത്തുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ പുന്നപ്രയില്‍ ഉറങ്ങി കിടന്ന ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന്റെയും അമ്മയുടെയും കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ആലപ്പുഴയില്‍ വീട് കയറിയുള്ള കവര്‍ച്ച നടക്കുന്നത്.
ആലപ്പുഴ തൂക്കുകുളം മകയിരം വീട്ടില്‍ മനോഹരന്റെ വീട്ടിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്. അടുക്കള വാതിലിന്റെ കൊളുത്ത് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് മുറിയില്‍ ഉറങ്ങുകയായിരുന്ന നീതുവിന്റെയും കുഞ്ഞിന്റെയും മാല പൊട്ടിച്ചു. ഈ സമയം നീതുവിന്റെ നിലവിളി കേട്ട് പിതാവ് മനോഹരന്‍ എത്തിയപ്പോഴേക്കും മോഷ്ടാവ് കടന്നു കളഞ്ഞു.
'രാത്രി 12.15നാണ് സംഭവം. ഞാന്‍ ഓടിയെത്തിയപ്പോഴേക്കും ഒരാള്‍ പുറത്തേക്ക് ഓടിയെത്തി. ആളുടെ പുറകുവശം മാത്രമേ കണ്ടുള്ളു. മകള്‍ പക്ഷെ ആളെ കണ്ടിട്ടുണ്ട്. കുട്ടിയുടെ കഴുത്തിലെ മാലയും മകളുടെ താലിമാലയും നഷ്ടപ്പെട്ടു. മാല പൊട്ടിക്കുന്ന സമയത്ത് തന്നെ മകള്‍ ഉണര്‍ന്നിരുന്നു. ശരീരത്തില്‍ ആരോ തൊടുന്ന പോലെ തോന്നിയപ്പോഴാണ് അവള്‍ ഉണര്‍ന്ന് ഒച്ച വെച്ചത്. അപ്പോള്‍ തന്നെ കള്ളന്‍ മാലയും പൊട്ടിച്ചു കൊണ്ട് പോവുകയും ചെയ്തു. അപ്പോഴാണ് ഞാന്‍ ചാടി എഴുന്നേല്‍ക്കുന്നത്,' മനോഹരന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.
പരാതിയെ തുടര്‍ന്ന് പുന്നപ്ര പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. മോഷണത്തിന് പിന്നില്‍ കുറുവാ സംഘമാണെന്ന സംശയത്തിലാണ് പോലീസ്. കഴിഞ്ഞദിവസം കോമളപുരം മണ്ണഞ്ചേരിയിലും സമാന രീതിയില്‍ കവര്‍ച്ച നടന്നിരുന്നു. കവര്‍ച്ച തുടര്‍ക്കഥയാകുമ്പോഴും കുറുവാ സംഘമാണോയെന്ന് സ്ഥിരീകരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. മോഷ്ടാക്കളെ പിടികൂടാന്‍ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തില്‍ ഏഴംഗ സ്‌പെഷ്യല്‍ സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. നാളെ സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം ആരംഭിക്കാനിരിക്കെ മോഷണ സംഘത്തിന്റെ ഭീതിയിലാണ് നാട്ടുകാര്‍.