വിസ്കി ഐസ്ക്രീം വമ്പന്‍ ഹിറ്റ്; ഹൈദരാബാദിലെ പാർലറിന് പൂട്ടിട്ട് എക്സൈസ് വകുപ്പ്

സമൂഹമാധ്യമങ്ങളിലെ ഉപയോക്താക്കളുടെ വിവരണങ്ങളില്‍ സംശയം തോന്നിയ എക്സൈസ് കഫെയില്‍ പരിശോധന നടത്തുകയായിരുന്നു
പിടികൂടിയ വിസ്കി ഐസ്ക്രീമുമായി എക്സൈസ് സംഘം
പിടികൂടിയ വിസ്കി ഐസ്ക്രീമുമായി എക്സൈസ് സംഘം
Published on

ഹൈദരാബാദിൽ മദ്യം കലർത്തി ഐസ്ക്രീം വിറ്റ ഐസ്ക്രീം പാർലർ എക്സൈസ് പൂട്ടിച്ചു. എക്സൈസിന്‍റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് പാർലറില്‍ നിന്നും മദ്യം കലർത്തിയ 11.5 കിലോ ഐസ്ക്രീം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അരികോ കഫേ ആൻഡ് ഐസ്ക്രീം പാർലറാണ് അധികൃതർ അടപ്പിച്ചത്.

ഹൈദരാബാദ് ജൂബിലി ഹിൽസിലെ റോഡ് നമ്പർ 1 ൽ പ്രവർത്തിക്കുന്ന അരികോ കഫേ ആൻഡ് ഐസ്ക്രീം പാർലർ ഏതാനും മാസങ്ങളായി മദ്യം കലർത്തിയ ഐസ്ക്രീമാണ് വിറ്റിരുന്നത്. ഒരു കിലോ ഐസ്ക്രീമിൽ 60 മില്ലീ ലിറ്റർ വിസ്കി കലർത്തി പ്രത്യേക പേരിൽ വിൽപ്പന നടത്തുകയായിരുന്നു. കുട്ടികളും കൗമാരക്കാരുമായിരുന്നു ഈ ഐസ്ക്രീമിൻ്റെ പ്രധാന ഉപയോക്താക്കൾ. ഐസ്ക്രീം കഴിച്ചവർ അതിൻ്റെ രുചിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലടക്കം പങ്കുവെച്ചതോടെ ആവശ്യക്കാരേറി. പാർലറിൽ തിരക്ക് വർധിച്ചു.


എന്നാല്‍, സമൂഹമാധ്യമങ്ങളിലെ ഉപയോക്താക്കളുടെ വിവരണങ്ങളില്‍ സംശയം തോന്നിയ എക്സൈസ് കഫെയില്‍ പരിശോധന നടത്തുകയായിരുന്നു. ആദ്യം നിർമാണ യൂണിറ്റും പിന്നീട് പാർലറും പരിശോധിച്ചു. ജൂബിലി ഹില്‍സിലെ റോഡ് നമ്പർ 5ല്‍ സ്ഥിതി ചെയ്യുന്ന ബേഗല്‍ ബ്രിഗേഡ് എല്‍എല്‍‌പി എന്ന സ്ഥാപനത്തിലാണ് വിസ്കി -ഐസ്ക്രീം ഉല്‍പ്പാദിപ്പിച്ചിരുന്നത്. വിറ്റിരുന്നത് അരികോ കഫെയിലും. സംഭവത്തില്‍ അരികോ കഫെയിലെ രണ്ട് ജീവനക്കാരെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് കസ്റ്റഡിയിലെടുത്തു. കഫെയുടെ ഉടമ ഗട്ടു ചന്ദ്രറെഡ്ഡി ഒളിവിലാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com