
ഇസ്‌ലാം മതവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള താജികിസ്ഥാനിൽ ഹിജാബിന് നിരോധനം. പാര്‍ലമെന്റിന്റെ ഉപരിസഭയായ മജ്ലിസി മില്ലി, ജൂൺ 19ന് പാസാക്കിയ നിയമത്തിലാണ് അന്യഗ്രഹ വസ്ത്രമെന്ന് വിശേഷിപ്പിച്ചുകൊണ്ട് ഹിജാബിന് നിരോധനം ഏർപ്പെടുത്തിയത്. ഇതോടൊപ്പം, രണ്ട് പ്രധാന ഈദ് ദിനങ്ങളിൽ അയൽവീടുകളിൽ പോയി മുതിർന്നവരിൽ നിന്നും ആശീർവാദവും സമ്മാനങ്ങളും വാങ്ങിക്കുന്ന കുട്ടികളുടെ ആഘോഷത്തിനും താജികിസ്ഥാൻ നിരോധനം ഏർപ്പെടുത്തി. റുസ്താം ഇമോമാലി അധ്യക്ഷനായ മജ്ലിസി മില്ലിയുടെ 18ാ മത് സമ്മേളനത്തിലാണ് ബിൽ പാസായത്.
മെയ് എട്ടിന് താജിക് വിദ്യാഭ്യാസ വകുപ്പിന്റെ ഹിജാബ് നിരോധനം അധോസഭ ശരിവെച്ചിരുന്നു. ഹിജാബും മറ്റ് ഇസ്ലാമിക വസ്ത്രങ്ങൾക്കും നിരോധനം ഏർപ്പെടുത്തുന്നതിൽ ഊന്നിയായിരുന്നു തീരുമാനം. നിയമം ലംഘിക്കുന്നവർക്ക് വലിയ പിഴ ഉൾപ്പെടെയുള്ള ശിക്ഷ ഉറപ്പുവരുത്തുമെന്നും നിയമം അനുശാസിക്കുന്നു. വ്യക്തികൾക്ക് 7920 സോമോണി (62398 രൂപ), കമ്പനികൾക്ക് 39500 സോമോണി, സർക്കാർ ജീവനക്കാർക്ക് 54000, മതസംഘടന നേതാക്കൾക്ക് 57600 എന്ന നിരക്കിലാണ് പിഴ ഈടാക്കുക.
വർഷങ്ങളോളം അനൗദ്യോഗിക നിരോധനം ഏർപ്പെടുത്തിയതിന് ശേഷമാണ് ഇപ്പോൾ ഔദ്യോഗികമായി തന്നെ താജികിസ്ഥാൻ ഹിജാബിന് നിരോധനം ഏർപ്പെടുത്തുന്നത്. 2007ൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇസ്ലാമിക വേഷവിധാനങ്ങളും, വെസ്റ്റേൺ മിനി സ്കർട്ടുകളും നിരോധിച്ചിരുന്നു. തുടർന്ന്, സർക്കാർ പലപ്പോഴായി ഹിജാബ് നിരോധനത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഹിജാബിന് പുറമെ പുരുഷന്മാർ താടി വളർത്തുന്നതിനെതിരെയും സർക്കാർ രംഗത്തെത്തിയിരുന്നു. പോലീസ് നിർബന്ധപൂർവ്വം താടി വടിപ്പിച്ച ആയിരത്തിലേറെ കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പാശ്ചാത്യ വസ്ത്രങ്ങൾ വ്യാജപേരുകളിൽ ധരിക്കുന്നതും, ഹിജാബും സമൂഹത്തിലെ തന്നെ വലിയൊരു പ്രശ്നമാണ് എന്നാണ് താജികിസ്ഥാൻ പ്രസിഡണ്ടായ ഇമോമാലി റഹ്മോൻ ഇതേക്കുറിച്ച് പറഞ്ഞത്.