അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; തീരുമാനം ട്രേഡ് യൂണിയനുകളുമായി നടന്ന ചർച്ചയില്‍

ബാങ്ക് യൂണിയനുകളും ഇന്ത്യൻ ബാങ്ക് അസോസിയേഷൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം
അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; തീരുമാനം ട്രേഡ് യൂണിയനുകളുമായി നടന്ന ചർച്ചയില്‍
Published on

മാർച്ച് അവസാനം പ്രഖ്യാപിച്ച ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. ഈ മാസം 24, 25 തീയതികളിൽ പ്രഖ്യാപിച്ച അഖിലേന്ത്യ ബാങ്ക് പണിമുടക്കാണ് മാറ്റിവെച്ചത്. ബാങ്ക് യൂണിയനുകളും ഇന്ത്യൻ ബാങ്ക് അസോസിയേഷൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. തുടർ ചർച്ച ഏപ്രിൽ മൂന്നാം വാരം നടക്കും.

സെന്‍ട്രല്‍ ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയിലാണ് ചർച്ച നടന്നത്. കേന്ദ്ര സർക്കാർ പ്രതിനിധിയും ചർച്ചയിൽ പങ്കെടുത്തിരുന്നു. ആൾ ഇന്ത്യാ ബാങ്കേഴ്സ് യൂണിയൻ ഉന്നയിച്ച ആവശ്യങ്ങൾ പരി​ഗണിക്കാമെന്ന് ചർച്ചയിൽ തീരുമാനമായി. വിവിധ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം ഒന്‍പത് പ്രമുഖ ട്രേഡ് യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുഎഫ്ബിയു. പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കുക, ജീവനക്കാരുടെ റിക്രൂട്മെന്റ്, പെർഫോമൻസുമായി ബന്ധപ്പെട്ട് നൽകുന്ന ആനുകൂല്യം തുടങ്ങിവ ആവശ്യപ്പെട്ടായിരുന്നു സംഘടനയുടെ അഖിലേന്ത്യാ പണിമുടക്കിനുള്ള ആഹ്വാനം.

പണിമുടക്ക് ഒഴിവാക്കാൻ ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ മുൻപും അനുരഞ്ജന ചർച്ച നടന്നിരുന്നു. എന്നാൽ ആ ചർച്ച പരാജയപ്പെട്ടു. തുടർ ചർച്ചകൾ ഏപ്രിൽ മൂന്നാം വാരം നടത്താമെന്ന ഇന്നത്തെ ചർച്ചയിലെ തീരുമാനത്തെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചിരിക്കുന്നത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com