പള്‍സര്‍ സുനി പുറത്തിറങ്ങി; വൻ സ്വീകരണമൊരുക്കി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍

മെൻസ് അസോസിയേഷൻ അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറാണ് പൾസർ സുനിക്ക് സ്വീകരണമൊരുക്കിയത്
പള്‍സര്‍ സുനി പുറത്തിറങ്ങി; വൻ സ്വീകരണമൊരുക്കി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍
Published on



നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലിറങ്ങിയ പൾസർ സുനിക്ക് സ്വീകരണം ഒരുക്കി ഓൾ കേരള മെൻസ് അസോസിയേഷൻ. ജയിലിൽ നിന്നിറങ്ങിയ ഇയാളെ ഓൾ കേരള മെൻസ് അസോസിയേഷൻ ആണ് സ്വീകരിക്കാനെത്തിയത്. അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറാണ് പൾസർ സുനിക്ക് സ്വീകരണമൊരുക്കിയത്.  കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ സംഘടന മാലയിട്ട് സ്വീകരിച്ച സംഭവം വലിയ ചർച്ചയായിരുന്നു.

കേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിക്ക് കടുത്ത ഉപാധികളോടെയാണ് വിചാരണ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യ കാലയളവിൽ പൾസർ സുനി അനുവാദമില്ലാതെ കോടതി പരിധിവിട്ട് പോകരുതെന്നും കോടതി നിർദേശിച്ചു. പ്രതി മാധ്യമങ്ങളോട് സംസാരിക്കരുത്, മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, ഒന്നിൽ കൂടുതൽ സിം ഉപയോഗിക്കരുത്, ഫോൺ നമ്പർ കോടതിയിൽ നൽകണം തുടങ്ങിയ നിർദേശങ്ങളാണ് കോടതി ജാമ്യ വ്യവസ്ഥയിൽ പറഞ്ഞിരിക്കുന്നത്.

എല്ലാ മാസവും 10ന് പൾസർ സുനി പൊലീസിന് മുമ്പാകെ ഹാജരാകണമെന്നും ജാമ്യ ഉത്തരവിൽ നിർദേശിക്കുന്നുണ്ട്. ജാമ്യം ലഭിച്ച ശേഷം പ്രൊബേഷൻ ഓഫീസർ പ്രതിയുടെ പെരുമാറ്റം സംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു. സുപ്രീം കോടതി നിർദേശപ്രകാരം സുനി സമർപ്പിച്ച അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് രാവിലെ 11 മണിയോടെ പരിഗണിച്ചത്. കേസിൽ ഏഴര വർഷത്തിലധികമായി വിചാരണത്തടവുകാരനായി ജയിലിൽ കഴിയുന്ന പൾസർ സുനിക്ക് നേരത്തെ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.

2017 ഫെബ്രുവരിയിലാണ് അങ്കമാലിയിൽ വെച്ച് ഓടുന്ന കാറിൽ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. സിനിമാ ലൊക്കേഷനിൽ നിന്നും മടങ്ങുകയായിരുന്ന നടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം തക്കം പാർത്തിരുന്ന് ആക്രമിക്കുകയായിരുന്നു. ഇത് ദിലീപ് നൽകിയ ക്വട്ടേഷനായിരുന്നു എന്നാണ് പിന്നീട് അന്വേഷണ സംഘം കണ്ടെത്തിയത്. ഇത് തെളിയിക്കുന്ന നിർണായക തെളിവുകൾ അന്വേഷണ സംഘത്തിൻ്റെ പക്കലുണ്ടെന്നാണ് സൂചന.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com