
മഥുരയിലെ കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് തർക്കത്തിൽ സർവേ നടത്തണമെന്ന ഹർജിയിൽ അലഹബാദ് ഹൈക്കോടതി ഇന്ന് വാദം കേൾക്കും. കൃഷ്ണ ജന്മഭൂമിയുടെ കൃത്യമായ നിർണയത്തിന് സർവേ ആവശ്യമാണെന്ന ഹർജി ഇന്നത്തേക്ക് വാദം കേൾക്കാൻ മാറ്റുകയായിരുന്നു. ഉത്തർപ്രദേശിലെ മഥുരയിൽ ശ്രീകൃഷ്ണൻ്റെ ജന്മ സ്ഥലത്തുള്ള ക്ഷേത്രം തകർത്താണ് മുഗൾ ചക്രവർത്തി ഔറംഗസേബിൻ്റെ കാലത്ത് ഷാഹി ഈദ്ഗാഹ് മസ്ജിദ് പണികഴിപ്പിച്ചതെന്നാണ് ആരോപണം.
ക്ഷേത്രം നിലനിൽക്കുന്ന ഭൂമി കൈവശം വെയ്ക്കാനും ശ്രീകൃഷ്ണ പ്രതിമയ്ക്കായി സ്ഥലം വിട്ടു നൽകണമെന്നും ക്ഷേത്രം പുനർനിർമിക്കണമെന്നും ആവശ്യപ്പെട്ട് നിലവിൽ പതിനഞ്ചിലധികം ഹർജികളാണുള്ളത്. ഹർജി പരിഗണിച്ച അലഹബാദ് ഹൈക്കോടതി സർവേയ്ക്ക് അനുമതി നൽകി. ഇത് സുപ്രിംകോടതി ശരിവെക്കുകയും ചെയ്തു. എന്നാൽ സർവേ ഇതുവരെ നടന്നിട്ടില്ല.
പള്ളി- ക്ഷേത്ര തർക്കവുമായി ബന്ധപ്പെട്ട നിരവധി ഹർജികൾ ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഗ്യാൻവാപി പള്ളിയിലെ വുദുഖാനയിൽ സർവേ നടത്തണമെന്ന ഹർജിയിലും നാളെ അലഹബാദ് ഹൈക്കോടതി വാദം കേൾക്കും. സമാനമായ ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കാനിരിക്കെയാണ് വാദം നാളത്തേക്ക് മാറ്റിയത്.
ഉത്തർപ്രദേശിലെ വാരാണസിയിൽ നിലകൊള്ളുന്ന ഗ്യാൻവാപി പള്ളി. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നു നിൽക്കുന്ന ഈ പള്ളിയെപ്പറ്റിയുള്ള വാദങ്ങളാണ് ബാബറി മസ്ജിദിന് ശേഷം രാജ്യത്ത് ഏറ്റവും വലിയ വർഗീയ വിഭജനത്തിനായി ഹിന്ദുത്വ ശക്തികൾ ഉപയോഗിക്കുന്നത്.