"ഇത് ഇന്ത്യയാണ്, ഇവിടെ എങ്ങനെ ഭരണം നടക്കണമെന്ന് ഭൂരിപക്ഷം തീരുമാനിക്കും"; വിവാദ പരാമർശവുമായി അലഹബാദ് ഹൈക്കോടതി ജഡ്ജി

തീവ്രവലതുപക്ഷപരവും വലിയ വിവാദവുമായ പരാമർശങ്ങൾ ജഡ്ജി ശേഖർ കുമാർ യാദവ് മുമ്പും നടത്തിയിരുന്നു
"ഇത് ഇന്ത്യയാണ്, ഇവിടെ എങ്ങനെ ഭരണം നടക്കണമെന്ന് ഭൂരിപക്ഷം തീരുമാനിക്കും"; വിവാദ പരാമർശവുമായി അലഹബാദ് ഹൈക്കോടതി ജഡ്ജി
Published on

വീണ്ടും വിവാദ പരാമർശം നടത്തി അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവ്. ഇത് ഇന്ത്യയാണ്, ഇവിടെ ഭൂരിപക്ഷത്തിന്‍റെ ആഗ്രഹപ്രകാരമാണ് ഭരണം നടക്കുകയെന്നായിരുന്നു ശേഖർ കുമാർ യാദവിൻ്റെ പ്രസ്താവന. ഏക സിവിൽ കോഡ് ഉടൻ യാഥാർഥ്യമാകുമെന്നും ജഡ്ജി പറഞ്ഞു.

അലഹബാദ് ഹൈക്കോടതി ലൈബ്രറി ഹാളിൽ വിശ്വ ഹിന്ദു പരിഷത്ത് ലീഗൽ സെൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജഡ്ജി ശേഖർ കുമാർ യാദവ് വിവാദ പരാമർശം നടത്തിയത്. 
ഇതാണ് നിയമം. നിയമം സത്യത്തിൽ ഭൂരിപക്ഷത്തിന് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. കുടുംബത്തിൻ്റെയോ സമൂഹത്തിൻ്റെയോ പശ്ചാത്തലത്തിൽ നോക്കൂ, ഭൂരിപക്ഷത്തിൻ്റെ ക്ഷേമത്തിനും സന്തോഷത്തിനും പ്രയോജനമുണ്ടാവുന്നത് മാത്രമേ അംഗീകരിക്കാൻ കഴിയൂ. സത്യങ്ങൾ വിളിച്ചു പറയാൻ തനിക്ക് മടിയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ശേഖർ കുമാറിൻ്റെ പ്രസ്താവന.


ഏക സിവിൽ കോഡ് ഭരണഘടനാപരമായി അനിവാര്യമുള്ളതാണെന്നും, ഉടൻ യാഥാർഥ്യമാകുമെന്നും ജഡ്ജി പറയുന്നു. ഐക്യം, ലിംഗ സമത്വം, മതേതരത്വം എന്നിവ ഉറപ്പ് നൽകുന്നതാണ് ഏക സിവിൽ കോഡ്. ആർഎസ്എസും വിഎച്ച്പിയും മാത്രമല്ല ഏക സിവിൽ കോഡ് ആവശ്യപ്പെടുന്നത്. രാജ്യത്തിന്‍റെ പരമോന്നത നീതിപീഠവും ഏക സിവിൽ കോഡിനെ പിന്തുണക്കുന്നു- ശേഖർ കുമാർ യാദവ് വ്യക്തമാക്കി. ഒന്നിലധികം ഭാര്യമാർ, മുത്തലാഖ് തുടങ്ങിയ ആചാരങ്ങൾ അംഗീകരിക്കാനാവില്ലെന്നും മുസ്ലീം സമുദായത്തെ പേരെടുത്ത് പറയാതെ ജഡ്ജി പറഞ്ഞു.


തീവ്രവലതുപക്ഷപരവും വലിയ വിവാദവുമായ പരാമർശങ്ങൾ ജഡ്ജി ശേഖർ കുമാർ യാദവ് മുമ്പും നടത്തിയിരുന്നു. പശുവിനെ ദേശീയ മൃഗമാക്കണമെന്നും, പശു ഓക്സിജൻ ശ്വസിക്കുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്ന ജീവിയാണെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നതെന്നും ശേഖർ കുമാർ പറഞ്ഞിരുന്നു. പശുവിനെ കശാപ്പ് ചെയ്ത കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ചു കൊണ്ടായിരുന്നു ഈ പരാമർശം. അതേസമ‍‍യം, ഹൈക്കോടതി ജഡ്ജിയുടെ പരാമർശത്തിനെതിരെ അഭിഭാഷകരും തൃണമൂൽ എം.പിമാരും രംഗത്തെത്തി.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com