
തനിക്കെതിരെ ആരോപണത്തിൽ പ്രതികരിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് സംസാരിച്ച പെൺകുട്ടി ഫെഫ്ക യോഗത്തിൽ ഒരക്ഷരം മിണ്ടിയില്ലെന്നാണ് ഭാഗ്യലക്ഷ്മിയുടെ ആരോപണം. നേരത്തെ ദുരനുഭവം മാധ്യമങ്ങളോട് തുറന്ന് പറഞ്ഞതിന് ഫെഫ്ക യോഗത്തില്‍ വെച്ച് ഭാഗ്യലക്ഷ്മി തന്നെ ശാസിച്ചെന്നായിരുന്നു രോഹിണി എന്ന പെൺകുട്ടിയുടെ ആരോപണം. ഇതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്ന തന്നെ സ്ത്രീവിരുദ്ധയാക്കിയെന്നും സംഘടനയിലെ സ്ത്രീകൾ തന്നെയാണ് സ്ത്രീകൾക്കെതിരെ പ്രവർത്തിക്കുന്നതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഭാഗ്യലക്ഷ്മി പറഞ്ഞു.
31ന് നടന്ന ഫെഫ്ക വനിതാ അംഗങ്ങളുടെ യോഗം നാല് ക്യാമറ വെച്ച് ഷൂട്ട് ചെയ്തിരുന്നുവെന്നും, ഈ സംഘടനയെ പൊളിക്കണം എന്ന ഉദ്ദേശത്തോടെ രണ്ടു പെൺകുട്ടികൾ മുൻധാരണയോടെ അന്ന് സംസാരിച്ചിരുന്നുവെന്നും മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് സംസാരിച്ച കുട്ടി യോഗത്തിൽ ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്ന എന്നെ സ്ത്രീ വിരുദ്ധയാക്കി ചിത്രീകരിച്ചുവെന്നും യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു കാര്യം വളച്ചൊടിച്ചുവെന്നും ഭാഗ്യലക്ഷ്‌മി പറഞ്ഞു. ഇതിനെതിരെ ശക്തമായി പോരാടുമെന്നും മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഹേമാ കമിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് ശേഷം സിനിമാ മേഖലയിലെ മുഴുവൻ സ്ത്രീകളെയും മോശക്കാരായി ചിത്രീകരിക്കുന്നു. സംഘടനയിലെ സ്ത്രീകൾ തന്നെയാണ് സ്ത്രീകൾക്കെതിരെ പ്രവർത്തിക്കുന്നതെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു. മൊഴി നൽകണം എന്നാവശ്യപ്പെട്ട് ഹേമ കമ്മിറ്റി ഫെഫ്കയെ സമീപിച്ചിട്ടില്ലെന്നും ഭാഗ്യലക്ഷമി കൂട്ടിച്ചേർത്തു.
Read More: സിനിമാ മേഖലയിലെ പീഡനത്തെ സംബന്ധിച്ച് അറസ്റ്റ് വേണോയെന്നത് കോടതി തീരുമാനത്തിന് ശേഷം: ജി. പൂങ്കുഴലി
ഹെയർ സ്റ്റൈലിസ്റ്റായ യുവതിയാണ്, ദുരനുഭവം മാധ്യമങ്ങളോട് തുറന്ന് പറഞ്ഞതിന് ഫെഫ്ക യോഗത്തില്‍ വെച്ച് ഭാഗ്യലക്ഷ്മി തന്നെ ശാസിച്ചെന്ന് ആരോപിച്ചത്. മലർന്ന് കിടന്ന് തുപ്പരുത് ഭാഗ്യലക്ഷ്മി തന്നോട് പറഞ്ഞുവെന്നും, ഭാഗ്യലക്ഷ്മി പരാതി പറഞ്ഞവരുടെ വായടപ്പിച്ചുവെന്നുമായിരുന്നു ആരോപണം.