
സെബി ചെയർപേഴ്സണെതിരായ ആരോപണത്തിൽ കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് ജയറാം രമേശ്. മാധബി പുരി ബുച്ചും ഭർത്താവ് ധവാൽ ബുച്ചും നൽകിയ വിവരങ്ങൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും ഇത് കേന്ദ്ര സർക്കാർ ചോദ്യം ചെയ്തില്ലെന്നുമായിരുന്നു ജയറാം രമേശിൻ്റെ ആരോപണം.
സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചും ഭർത്താവ് ധവാൽ ബുച്ചും നൽകുന്ന ഉത്തരങ്ങൾ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുകയാണ്. ഇരുവരുടെയും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പുറത്തു വന്നിട്ടുള്ള വസ്തുതകൾ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും ജയ്റാം രമേശ് ആരോപിച്ചു. ഈ കാര്യങ്ങളെ പറ്റി 2022 മുതൽ ധനമന്ത്രി നിർമ്മലാ സീതാരാമനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അറിയാമായിരുന്നിട്ടും ഇതെല്ലാം നിസാരമെന്നാണോ കരുതുന്നതെന്നും അദ്ദേഹം ചോദിച്ചു.
കോൺഗ്രസിൻ്റെ ആരോപണങ്ങൾക്കെതിരെ വസ്തുതകൾ പുറത്തുവിട്ട് മാധബിയും ധവാൽ ബുച്ചും പ്രതിരോധിക്കുകയാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞതിന് പിന്നാലെയായിരുന്നു ജയറാം രമേശിൻ്റെ ആരോപണം.
ഒടുവിൽ വിഷയത്തിൽ ധനമന്ത്രി മൗനം വെടിഞ്ഞുവെന്നും ജയ്റാം എക്സിൽ പ്രതികരിച്ചു. അദാനി ഗ്രൂപ്പിനെതിരെ സുപ്രീംകോടതി ഉത്തരവിട്ട സെബി അന്വേഷണം ശരിക്കും നീതിപൂർണവും നിഷ്പക്ഷവും സമ്പൂർണവുമായിരുന്നോ എന്നും കോൺഗ്രസ് നേതാവ് ചോദിച്ചു.
ചൈനീസ് കമ്പനികളിലടക്കം മാധബി, നിക്ഷേപം നടത്തിയെന്നും ചട്ടവിരുദ്ധമായി 36.96 കോടി രൂപയുടെ ലിസ്റ്റഡ് സെക്യൂരിറ്റികൾ ട്രേഡ് ചെയ്തുവെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം കോൺഗ്രസ് രംഗത്തെത്തിയിരുന്നു. മാധബിയുടെ രണ്ടാമത്തെ വിശദീകരണ കുറിപ്പിന് പിന്നാലെയായിരുന്നു കോൺഗ്രസിൻ്റെ ആരോപണം.