
എസ്‌പി സുജിത് ദാസിനെതിരെയുള്ള സ്വർണക്കടത്ത് ആരോപണത്തില്‍ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം പ്രാഥമിക അന്വേഷണം ആരംഭിച്ചു. സുജിത് ദാസ് സ്വർണക്കടത്ത് സംഘത്തിന് സഹായം നൽകിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഇന്നലെ കൊച്ചിയിൽ ചേർന്ന കസ്റ്റംസ് യോഗത്തിലാണ് അന്വേഷണത്തിന് തീരുമാനം എടുത്തത്. സുജിത്ത് കസ്റ്റംസിൽ ഉണ്ടായിരുന്ന കാലയളവിൽ നടന്നിട്ടുള്ള സ്വർണക്കടത്ത് കേസുകളിലാണ് പ്രാഥമിക അന്വേഷണം നടക്കുക. കൊടുവള്ളി സ്വർണവേട്ട അടക്കം വിശദമായി അന്വേഷിക്കാനാണ് തീരുമാനം.
അതേസമയം, പി.വി. അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണ വിവാദത്തിൽ സുജിത് ദാസിനെ പത്തനംതിട്ട എസ്‌പി സ്ഥാനത്ത് നിന്ന് സ്ഥലം മാറ്റി. പുതിയ തസ്തിക നൽകാതെയാണ് സ്ഥലം മാറ്റം. പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യണമെന്നാണ് സുജിത് ദാസിന് നൽകിയ നിർദ്ദേശം. അതുപോലെ തന്നെ, ലഹരി കേസിൽ കസ്റ്റഡിയിലെടുത്തയാളെ സുജിത്ത് ദാസ് ക്രൂരമർദ്ദനത്തിനിരയാക്കി എന്ന് ആരോപിച്ച് പ്രതിയുടെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു.
2018ൽ എറണാകുളത്ത് അസി. എസ്‌പി ആയിരിക്കെ ഈ പരാതിയില്‍ സുജിത് ദാസിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍, വ്യാജ കേസാണെന്ന് മേലധികാരികൾ റിപ്പോർട്ട് നൽകി. ഈ കേസ് സിബിഐക്ക് വിടണമെന്ന് പ്രതി സുനിൽ കുമാറിന്‍റെ ഭാര്യ രേഷ്മ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയില്‍ ആവശ്യപ്പെട്ടു.
പി.വി. അൻവർ എംഎൽഎയുമായി കഴിഞ്ഞ ശനിയാഴ്ച എസ്‌പി നടത്തിയ ഫോൺ സംഭാഷണമാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എഡിജിപി അജിത് കുമാർ ബന്ധുക്കൾ വഴി സാമ്പത്തിക ഇടപാട് നടത്തുന്നുവെന്നായിരുന്നു അൻവറിനോട് സുജിത് ദാസ് പറഞ്ഞത്. എഡിജിപി അജിത് കുമാറിനും സുജിത് ദാസിനുമെതിരെ സ്വർണക്കടത്ത് അടക്കം വിവധ ആരോപണങ്ങളാണ് എംഎല്‍എ വാർത്താസമ്മേളനങ്ങളില്‍ ഉന്നയിച്ചത്.