
കൊച്ചിയിൽ അലൻ വാക്കറുടെ ഷോക്കിടെ മൊബൈൽ ഫോൺ മോഷണം പോയ കേസിൽ പൊലീസിന് ഗുരുതര വീഴ്ചയെന്ന് ആരോപണം. മോഷണം നടത്തിയ സംഘം പിറ്റേന്ന് രാവിലെ വരെ കൊച്ചി നഗരത്തിലുണ്ടായിരുന്നുവെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടിയിട്ടും നടപടി എടുത്തില്ലെന്നാണ് ആരോപണം. മോഷണം പോയ ഫോണുകളിൽ മൂന്നെണ്ണത്തിന്റെ സിഗ്നൽ എറണാകുളം സൗത്തിൽ നിന്നും ലഭിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും പൊലീസ് അന്വേഷിക്കാൻ തയ്യാറായില്ല എന്നും പരാതിക്കാർ പറയുന്നു.
അലൻ വാക്കറുടെ സംഗീതനിശയിൽ നടന്ന കൂട്ട മൊബൈൽ മോഷണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. വിഐപി ടിക്കറ്റിൽ അകത്ത് കടന്ന എട്ടംഗ സംഘമാണ് മൊബൈൽ മോഷണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തൽ. പരിപാടിയിക്കിടെ നടന്നത് വ്യാപക മൊബൈൽ മോഷണമെന്ന് എറണാകുളം അസിസ്റ്റൻ്റ് കമ്മീഷണർ സി. ജയകുമാർ വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ 60ഓളം പരാതികൾ മുളവുകാട് പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊച്ചി ബോൾഗാട്ടി പാലസിൽ ആണ് ഡി.ജെ. അലൻ വാക്കറുടെ സംഗീത വിരുന്ന് നടന്നത്. ആയിരങ്ങളാണ് സംഗീത നിശയിൽ പങ്കെടുക്കാനായി ബോൾഗാട്ടി പാലസിൽ എത്തിയത്.