
കോൺഗ്രസ് നേതാക്കൾക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ ഉന്നയിച്ച ബിജെപിയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഖാർഗെ കത്തയച്ചതിന് പിന്നാലെ ഈ കാര്യത്തിൽ കോൺഗ്രസ് പ്രവർത്തകരും ഒട്ടും പിന്നിലല്ലെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് ബിജെപി അധ്യക്ഷനും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുമായ ജെ.പി.നദ്ദ, ഖാർഗെയ്ക്ക് കത്തയച്ചു.
ജനം പലതവണ നിരസിച്ചതും പരാജയപ്പെട്ടതുമായ ഉൽപ്പന്നത്തെ മിനുക്കി കൊണ്ട് കോൺഗ്രസ് വീണ്ടും രാഹുൽ ഗാന്ധിയെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുകയാണെന്ന് നദ്ദ രൂക്ഷമായി വിമർശിച്ചു. "മോദിജിക്ക് വേണ്ടി മൗത് കാ സൗദാഗർ (മരണത്തിൻ്റെ വ്യാപാരി) എന്ന അപകീർത്തികരമായ പ്രസ്താവന നടത്തിയത് രാഹുൽ ഗാന്ധിയുടെ അമ്മ സോണിയ ഗാന്ധി ആയിരുന്നില്ലേ? നിങ്ങളും നിങ്ങളുടെ പാർട്ടിയും ഇത്തരം നാണംകെട്ട പ്രസ്താവനകളെ മഹത്വമായ പ്രവർത്തിയായിട്ടാണോ കാണുന്നതെന്നും, സ്വന്തം കാര്യം വരുമ്പോൾ കോൺഗ്രസ് രാഷ്ട്രീയ മര്യാദ മറന്നോയെന്നും കേന്ദ്ര ആരോഗ്യമന്ത്രി കൂടിയായ നദ്ദ ചോദിച്ചു.
ഗാന്ധിയുടെ സമ്മർദം മൂലം രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാർട്ടിയായ കോൺഗ്രസ് പാർട്ടി രാഹുൽ ഗാന്ധിയുടെ വരവോടെ ഒരു "കോപ്പി & പേസ്റ്റ്" പാർട്ടിയായി മാറിയെന്നും നദ്ദ എഴുതി. കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രിയെ "പാമ്പ്", "തേൾ", "പിശാച്", "പിക്ക് പോക്കറ്റ്", "ഭീരു" എന്നിങ്ങനെ വിളിച്ചുവെന്നും തൻ്റെ മാതാപിതാക്കളെ പോലും അപമാനിച്ചുവെന്നും നദ്ദ കൂട്ടിച്ചേർത്തു.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി സംവരണത്തിൻ്റെയും ജാതിയുടെയും രാഷ്ട്രീയം അവലംബിക്കുകയും ആളുകളെ പരസ്പരം ഭിന്നിപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും ബിജെപി അധ്യക്ഷൻ ആരോപിച്ചു. എന്നിട്ട് അദ്ദേഹം വിദേശത്തേക്ക് പോയി സംവരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ദളിത്, പിന്നാക്ക വിഭാഗങ്ങളിൽ നിന്നും ആദിവാസി വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകളുടെ അവകാശങ്ങൾ നിർത്തലാക്കുന്നതിനെ കുറിച്ചും സംസാരിക്കുന്നതായുംകത്തിൽ രേഖപ്പെടുത്തി. ഇന്ത്യൻ ജനാധിപത്യത്തെ ഏറ്റവും കൂടുതൽ അപമാനിച്ചത് കോൺഗ്രസാണെന്നും നദ്ദ ആരോപിച്ചു. കോൺഗ്രസ് അടിയന്തരാവസ്ഥ ഏർപ്പെടുത്തി, മുത്തലാഖിനെ പിന്തുണച്ചു, ഭരണഘടനാ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്തുകയും അവയെ ദുർബലപ്പെടുത്തുകയും ചെയ്‌തതായും കത്തിൽ കൂട്ടിച്ചേർത്തു.
ALSO READ: സിടി സ്കാനിന് പിന്നിലെ ശാസ്ത്രത്തെക്കുറിച്ച് വേദങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്: മോഹൻ ഭഗവത്
പ്രധാനമന്ത്രിക്ക് ഖാർഗെ അയച്ച കത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ആക്ഷേപകരവും അസഭ്യവുമായ പരാമർശങ്ങളുടെ ഒരു പരമ്പര തന്നെ രേഖപ്പെടുത്തിയിരുന്നു. രാഹുൽ ഗാന്ധിക്കെതിരെ വാക്കുകൾ കൊണ്ടുള്ള ആക്രമണങ്ങളാണ് പ്രധാനമായും ഖാർഗെ കത്തിലുൾപ്പെടുത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം. കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിൻ്റെ "നമ്പർ 1 തീവ്രവാദി" പരാമർശവും, ഗാന്ധിയുടെ നാവ് മുറിക്കുന്നവർക്ക് 11 ലക്ഷം രൂപ പ്രഖ്യാപിച്ച ശിവസേന നേതാവിൻ്റെ പരാമർശവും , ഡൽഹി ബിജെപി നേതാവ് തർവീന്ദർ സിംഗ് മർവയുടെ ഭീഷണിയും ഖാർഗെ കത്തിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. മുത്തശ്ശിയും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയുടെ അതേ വിധിയാണ് രാഹുൽ ഗാന്ധിക്കും നേരിടേണ്ടി വരികയെന്ന തരത്തിലുള്ള പരാമർശങ്ങളും ഉണ്ടായിരുന്നു.
ALSO READ: ലെബനനിൽ വോക്കി ടോക്കി പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 20 ആയി
രാഹുൽ ഗാന്ധിക്കെതിരായ ബിജെപി നേതാക്കളുടെ പരാമർശങ്ങളിൽ കോടിക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ ആശങ്കാകുലരാണെന്നും, വിദ്വേഷം പടർത്തുന്ന ഇത്തരം ശക്തികൾ കാരണമാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവർക്ക് ജീവൻ ബലിയർപ്പിക്കേണ്ടി വന്നത്. ഭരണകക്ഷിയുടെ ഈ രാഷ്ട്രീയ പെരുമാറ്റം ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും നീചമായ ഉദാഹരണമാണെന്നും കത്തിൽ കൂട്ടിച്ചേർത്തു. ബിജെപി നേതാക്കൾക്കിടയിൽ മര്യാദ നടപ്പാക്കണമെന്നും ഇന്ത്യൻ ജനാധിപത്യത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ ഇത്തരം പരാമർശങ്ങൾക്ക് കർശനമായ നിയമനടപടികൾ ഉണ്ടാകണമെന്നും ഖാർഗെ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.