'വി.ഡി. സതീശനോടും കുടുംബത്തിനോടും ആത്മാര്‍ഥമായി മാപ്പ് ചോദിക്കുന്നു'

ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയില്ലേയെന്ന് ശശിയോട് ചോദിച്ചിരുന്നു. പൂര്‍ണമായും ശരിയാണ്, ധൈര്യമായി പറഞ്ഞോളൂ എന്നാണ് മറുപടി നല്‍കിയത്
'വി.ഡി. സതീശനോടും കുടുംബത്തിനോടും ആത്മാര്‍ഥമായി മാപ്പ് ചോദിക്കുന്നു'
Published on

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മാപ്പ് ചോദിച്ച് മുന്‍ എംഎല്‍എ പി.വി അന്‍വര്‍. ഇലക്ഷന്‍ ഫണ്ടായി കോണ്‍ഗ്രസിന് 150 കോടി രൂപ ലഭിച്ചുവെന്ന് സഭയില്‍ ഉന്നയിച്ചത് പാര്‍ട്ടി നിര്‍ദേശം അനുസരിച്ചാണെന്നാണ് രാജി പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞത്. സതീശനെതിരെ ആരോപണം ഉന്നയിക്കണമെന്ന് പറഞ്ഞത് മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറി പി. ശശിയാണ്.


ആരോപണം തയ്യാറാക്കി നല്‍കുകയായിരുന്നു. താന്‍ തന്നെ ഇത് പറയണമെന്ന് പി. ശശി പറഞ്ഞു. വെറുതെ ആരോപണം ഉന്നയിച്ചതല്ല, സ്പീക്കര്‍ക്ക് കത്ത് നല്‍കി അനുമതി വാങ്ങിയാണ് ആരോപണം ഉന്നയിച്ചത്. പി. ശശി തന്നെ മോശക്കാരനാണെന്ന് വരുത്തിതീര്‍ക്കാന്‍ ബോധപൂര്‍വം ശ്രമിച്ചു. എന്നെ കുടുക്കാനുള്ള ശശിയുടെ പദ്ധതി നേരത്തെ തുടങ്ങിയതാണെന്നും അന്‍വര്‍ ആരോപിച്ചു.

വി.ഡി. സതീശനും കുടുംബത്തിന് ഇത് കാരണമുണ്ടായ മാനഹാനിക്ക് ക്ഷമ ചോദിക്കുന്നു. പ്രതിപക്ഷ നേതാവ് വസ്തുതകള്‍ ഉള്‍ക്കൊണ്ട് മാപ്പപേക്ഷ സ്വീകരിക്കണമെന്നും അന്‍വര്‍ പറഞ്ഞു.

അന്‍വറിന്റെ വാക്കുകള്‍:

ഒരുപാട് പാപഭാരം ചുമന്നാണ് നടക്കുന്നത്. അതില്‍ പ്രധാനപ്പെട്ടത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഉന്നയിച്ച ആരോപണമാണ്. ആരോപണം ഉന്നയിച്ച നിയമസഭ സമ്മേളനത്തിന്റെ തൊട്ടു മുമ്പാണ് ഇങ്ങനെയൊരു ചര്‍ച്ച വന്നത്. തെരഞ്ഞെടുപ്പ് സമയത്ത് 150 കോടി രൂപ കേരളത്തിലേക്ക് വന്നിട്ടുണ്ടെന്ന് എനിക്ക് ടൈപ്പ് ചെയ്തുനല്‍കി. 150 കോടി രൂപ കൈക്കൂലി വാങ്ങിയിട്ട് പ്രതിപക്ഷം മുഖ്യമന്ത്രിയെയും കുടുംബത്തെയും ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്ന് കരുതി. ഞാന്‍ പിതാവിനെപ്പോലെ സ്നേഹിച്ച വ്യക്തിയായിരുന്നു മുഖ്യമന്ത്രി.

എന്നെ പാര്‍ട്ടി ഏല്‍പ്പിച്ച ഭാരം ഞാന്‍ ഡെലിവര്‍ ചെയ്തു. അവര്‍ പറഞ്ഞ കാര്യങ്ങളാണ് ഞാന്‍ ആവര്‍ത്തിച്ചത്. ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയില്ലേയെന്ന് ശശിയോട് ചോദിച്ചിരുന്നു. പൂര്‍ണമായും ശരിയാണ്, നിങ്ങള്‍ ധൈര്യമായി പറഞ്ഞോളൂ എന്നാണ് മറുപടി നല്‍കിയത്. സഭയിലെ എന്റെ പ്രസംഗം ശേഖരിച്ചാണ് പിന്നീട് വിജിലന്‍സില്‍ പരാതി നല്‍കുന്നത്. കോടതി അന്വേഷണത്തിന് ഉത്തരവിട്ടു, അന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പില്ലെന്ന് വ്യക്തമാകുകയും ചെയ്തു.

ഈ വിഷയത്തില്‍ വി.ഡി സതീശനും കുടുംബത്തിനും ഉണ്ടായ മാനഹാനിക്ക് ഞാന്‍ ആത്മാര്‍ഥമായി കേരള സമൂഹത്തോട് മാപ്പ് ചോദിക്കുകയാണ്. എന്റെ മാപ്പപേക്ഷ സ്വീകരിക്കണമെന്ന് അദ്ദേഹത്തോട് അപേക്ഷിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com