
പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂരമർദനം. വാഹനത്തിന് മുന്നിൽ ചാടി വീണെന്ന് ആരോപിച്ച് യുവാവിനെ വിവസ്ത്രനാക്കി പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. അഗളി ചിറ്റൂർ ആദിവാസി ഊരിലെ ഷിബുവിനാണ് മർദനമേറ്റത്. ഷിബുവിന്റെ മുഖത്തും പുറത്തും കൈക്കും പരുക്കേറ്റു. പരിക്കേറ്റ ഷിബു ചികിത്സയിലാണ്.
ചിറ്റൂർ കട്ടേക്കാടിൽ ഈ മാസം 24ന് ഉച്ചകഴിഞ്ഞാണ് സംഭവം. റോഡിലൂടെ നടക്കുമ്പോൾ കല്ലിൽ തട്ടി വാഹനത്തിനു മുന്നിലേക്ക് വീഴുകയായിരുന്നു. എന്നാൽ മനഃപൂർവം വാഹനത്തിനു മുന്നിലേക്ക് ചാടിയതാണെന്ന് ആരോപിച്ച് ഡ്രൈവറും ക്ലീനറും ഷിജുവിനെ മർദിച്ചു. ഇതോടെ ഷിജു വാഹനത്തിന് നേരെ കല്ലെടുത്തെറിഞ്ഞു. തുടർന്ന് ഷിജുവിനെ വഴിയിലൂടെ വലിച്ചിഴച്ച് സമീപമുള്ള വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് ഡ്രൈവറും ക്ലീനറും മർദിക്കുകയും കടന്നുകളയുകയും ചെയ്തു.
ഇതുവഴി വന്ന പരിചയക്കാരാണ് ഷിജുവിനെ പോസ്റ്റിൽ കെട്ടിയിട്ടിരിക്കുന്നത് കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കയർ കെട്ടിയതിന്റെ പാടുകൾ ശരീരത്തിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഷിജുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. അതേസമയം, മദ്യലഹരിയിൽ വാഹനം തടഞ്ഞെന്ന് ആരോപിച്ച് ഡ്രൈവറും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.