'സിദ്ധാർത്ഥന്‍റെ മരണത്തോടെ റാഗിങ് അവസാനിച്ചെന്ന് കരുതി'; റാഗിങ്ങിനെതിരെ KSU സംസ്ഥാനതല ക്യാംപയ്നിനെന്ന് അലോഷ്യസ് സേവ്യർ

സർക്കാർ ഹോസ്റ്റലുകളെ റാ​ഗിങ് സെല്ലുകൾ ആക്കി മാറ്റുന്ന പ്രവണത എസ്എഫ്ഐയുടെ ഭാഗത്തുനിന്ന് വീണ്ടും ഉണ്ടായിയെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു
സിദ്ധാർത്ഥന്‍, അലോഷ്യസ് സേവ്യർ
സിദ്ധാർത്ഥന്‍, അലോഷ്യസ് സേവ്യർ
Published on

റാഗിങ്ങിന് എതിരെ കെഎസ്‌യു സംസ്ഥാനതലത്തിൽ ക്യാംപയിൻ ആരംഭിക്കുകയാണെന്ന് സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. സിദ്ധാർത്ഥന്റെ മരണത്തോടെ കേരളത്തിലെ ക്യാംപസുകളിൽ റാഗിങ് അവസാനിച്ചു എന്നാണ് കരുതിയത്. എന്നാൽ നിരന്തരമായി റാഗിങ് വാർത്തകളാണ് ഉയരുന്നത്. ഇതിന്റെ ഒരറ്റത്ത് എസ്എഫ്ഐ ഉണ്ട്. എസ്എഫ്ഐ സംസ്ഥാന സമ്മേളനം തിരുത്തലുകളുടെ വേദിയായി മാറട്ടെ എന്നും സിദ്ധാർത്ഥന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം അലോഷ്യസ് സേവ്യർ പറഞ്ഞു.


സർക്കാർ ഹോസ്റ്റലുകളെ റാ​ഗിങ് സെല്ലുകൾ ആക്കി മാറ്റുന്ന പ്രവണത എസ്എഫ്ഐയുടെ ഭാഗത്തുനിന്ന് വീണ്ടും ഉണ്ടായിയെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. ഇത്തരക്കാരെ സംരക്ഷിക്കുന്ന കിരാത നീക്കങ്ങൾ എസ്എഫ്ഐ അവസാനിപ്പിക്കണം. സമ്മേളനങ്ങളിൽ കെഎസ്‌യു അടക്കമുള്ള മറ്റ് വിദ്യാർഥി സംഘടനകളെ കരിവാരി തേക്കുന്ന പ്രസ്താവനകൾ ഇറക്കുന്ന വേദിയായി മാറരുതെന്നും വിദ്യാർഥിപക്ഷ ചിന്താഗതി ഉയർത്തി കാണിക്കാൻ സംഘടനയ്ക്ക് എങ്ങനെ കഴിയും എന്ന പ്രഖ്യാപനം കൂടെ ആ സമ്മേളനത്തിൽ ഉണ്ടാകണമെന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.

അതേസമയം, പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർത്ഥന്റെ ഓർമകൾക്ക് ഒരു വർഷം തികയുമ്പോൾ കല്ലറയിൽ പുഷ്പാർച്ചന നടത്തിയ പിതാവ് ജയപ്രകാശ് കേസിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടും വരെയും പോരാട്ടം തുടരുമെന്ന് അറിയിച്ചു. ഇരയോടൊപ്പം നിൽക്കേണ്ടിയിരുന്ന ഭരണകൂടം പ്രതികളെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും ജയപ്രകാശ് ആരോപിച്ചു.

പൂക്കോട് വെറ്ററിനറി സ‍ർവകലാശാല രണ്ടാം വർഷ വിദ്യാർഥി സിദ്ധാർത്ഥനെ 2024 ഫെബ്രുവരി 18നാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിദ്ധാർത്ഥനെ സീനിയർ വിദ്യാർഥികളും സഹപാഠികളും ക്രൂരമായി മർദിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ക്യാംപസിൽ വെച്ച് സിദ്ധാർത്ഥനെ ക്രൂരമായി ആക്രമിച്ചതായി അൻറി റാഗിങ് സ്ക്വാഡ് കണ്ടെത്തിയതിനെ തുടർന്നാണ് 19 വിദ്യാർഥികൾക്കെതിരെ സർവകലാശാല നടപടിയെടുത്തത്. ആത്മഹത്യാ പ്രേരണ ഉൾപ്പെടെ നിരവധി കുറ്റങ്ങളാണ് ഈ വിദ്യാർഥികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഹോസ്റ്റലിൽ ദിവസങ്ങളോളം സിദ്ധാർത്ഥൻ പീഡിപ്പിക്കപ്പെടുകയും ഭക്ഷണം നിഷേധിക്കപ്പെടുകയും ചെയ്തിരുന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com