
എറണാകുളം മൂഴിക്കുളത്ത് പുഴയിൽ എറിഞ്ഞുകൊന്ന നാലു വയസുകാരിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആലുവ മജിസ്ട്രേറ്റ് കോടതിയാണ് അഞ്ച് ദിവസത്തേക്ക് അമ്മയെ കസ്റ്റഡിയിൽ വിട്ടത്. അമ്മയെ ഉടൻ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ എത്തിക്കും. കുട്ടിയെ കൊല ചെയ്യാനുള്ള സാഹചര്യം, പീഡനവിവരം അറിഞ്ഞിരുന്നോ തുടങ്ങിയവയെ കുറിച്ച് പൊലീസ് ചോദ്യം ചെയ്തേക്കും.
നാലു വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. പ്രതിയുടെ അറസ്റ്റ് പുത്തൻകുരിശ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. പോക്സോ, ബാലനീതി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടിയെ അതിക്രൂരമായ പീഡനത്തിന് ഇരയാക്കിയതായി പ്രതി സമ്മതിച്ചിരുന്നു. ഒന്നരവർഷമായി പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു പ്രതിയുടെ കുറ്റസമ്മതം.
"കുട്ടിയെ കൊലപ്പെടുത്തിയ ദിവസം രാവിലെയും പ്രതി പീഡിപ്പിച്ചിരുന്നു. കുട്ടിയോട് ലൈംഗീകമായി പെരുമാറിയിരുന്നത് മുതിർന്നവരോട് ബന്ധപ്പെടുന്നത് പോലെ. രണ്ടര വയസു മുതൽ പീഡിപ്പിക്കാൻ തുടങ്ങി. കുട്ടിയെ ഒന്നരവർഷമായി പ്രതി പീഡിപ്പിക്കാറുണ്ടായിരുന്നു. നീല ചിത്രങ്ങൾ കണ്ടശേഷമായിരുന്നു പീഡനമെന്നും" പ്രതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
അതേസമയം, ആരും ഉപദ്രവിച്ചതായി കുട്ടി പറഞ്ഞിട്ടില്ലെന്ന് അംഗൻവാടി ഹെൽപർ പറഞ്ഞു. "പീഡനം ഉണ്ടായെന്നു കുട്ടി പറഞ്ഞിട്ടില്ല. സ്വകാര്യ ഭാഗങ്ങളിൽ വേദന ഉള്ളതായും സൂചിപ്പിച്ചിട്ടില്ല. ശാരീരിക അസ്വസ്ഥതകൾ ഒന്നുമുള്ളതായി കുട്ടി പറഞ്ഞിട്ടില്ലെന്നും" അംഗൻവാടി ഹെൽപർ പറഞ്ഞു. കുട്ടിയോടൊപ്പം മാത്രമേ പ്രതിയെ കാണാറുണ്ടായിരുന്നുവെന്നാണ് അയൽവാസിയും പറയുന്നത്. എവിടെപ്പോയാലും കുട്ടിയെയും കൊണ്ടാണ് പോവുക. ആരോടും സംസാരിക്കാത്ത പ്രകൃതമാണ് പ്രതിയുടേതെന്നും അയൽവാസി പറഞ്ഞു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയത്. കൊല്ലപ്പെടും മുൻപ് കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. തുടർന്ന് കുട്ടിയുടെ അടുത്ത ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഒടുവിലാണ് കുട്ടിയുടെ അച്ഛന്റെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡോക്ടർമാർ പൊലീസിന് നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റം ചുമത്തി അമ്മയ്ക്കെതിരെയും കേസെടുത്തിരുന്നു.