
തിരുവനന്തപുരം അമ്പലമുക്ക് വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രന് വധശിക്ഷ. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. പഴുതടച്ച അന്വേഷണവും പ്രോസിക്യൂഷന്റെ വാദങ്ങളും അംഗീകരിച്ച തിരുവനന്തപുരം സെഷന്‍സ് കോടതി, കഴിഞ്ഞ ദിവസമാണ് രാജേന്ദ്രന്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്.
സീരിയൽ കില്ലറായ പ്രതിയിൽ നിന്ന് നിരപരാധികളെ രക്ഷിക്കാനുള്ള ഏക മാർഗം വധശിക്ഷയാണന്ന് പ്രോസിക്യൂഷൻ കോടതിയിൽ നിലപാടെടുത്തിരുന്നു. കൊടും കുറ്റവാളിയായ രാജേന്ദ്രൻ സമൂഹത്തിന് ഭീഷണിയാണ്. കവർച്ചയ്ക്കിടെ തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് പ്രതി ദാരുണമായി കൊലപ്പെടുത്തിയത്. പ്രതി കൊല ചെയ്ത നാലുപേരിൽ മൂന്നു പേരും സ്ത്രീകളാണ്. പ്രതിയ്ക്ക് ജീവപര്യന്തം ലഭിച്ചാൽ ഭാവിയിൽ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന് ഉറപ്പ് വരുത്താനാവില്ലെന്നുമായിരുന്നു പ്രോസിക്യൂട്ടർ എം. സലാഹുദീൻ്റെ വാദം.
2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാരച്ചെടി കടയിലെ ജീവനക്കാരിയായിരുന്ന വിനീതയെ കഴുത്തിന് പിന്നില്‍ കുത്തി രാജേന്ദ്രന്‍ കൊലപ്പെടുത്തിയത്. നാലരപ്പവന്റെ മാലയ്ക്ക് വേണ്ടിയായിരുന്നു കൊലപാതകം. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ സമയത്തു നടന്ന കൊലപാതകത്തിന്റെ അന്വേഷണം വലിയ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന അതിക്രൂരമായ കൊലപാതകത്തില്‍ പ്രതിയുടെ സഞ്ചാരപാത വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് സഹായമായത്. ചെടി വാങ്ങാന്‍ എന്ന വ്യാജേന എത്തിയാണ് തമിഴ്നാട് സ്വദേശി രാജേന്ദ്രന്‍ കൊലപാതകം നടത്തിയത്.
ഉന്നത ബിരുദധാരിയായ രാജേന്ദ്രൻ ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിങ്ങിൽ പണം നിക്ഷേപിക്കുന്നതിനു വേണ്ടിയാണ് മേഷണങ്ങൾ നടത്തിയിരുന്നത്. സമാനരീതിയില്‍ തമിഴ്നാട് തിരുനെൽവേലി വെള്ളമടം സ്വദേശിയും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ സുബ്ബയ്യ (58), ഭാര്യ വാസന്തി (55), വളർത്തുമകൾ അഭിശ്രീ (13) എന്നിവരെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി ഹോട്ടല്‍ തൊഴിലാളിയായി പേരൂര്‍ക്കടയിലെത്തിയ രാജേന്ദ്രന്‍ അമ്പലമുക്കിലെ കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തുകയായിരുന്നു.